Breaking News

ബാബുരാജൻ, നിങ്ങളാണ്‌ മനക്കരുത്തിന്റെ നായകൻ പുതിയ ബസ് സ്റ്റാൻഡിന് സമീപം ചൊവ്വ രാവിലെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരന്റെ കാൽ മുട്ടി താഴെ നിന്നും മുറിച്ചു നീക്കി

കാസർകോട് :  ഉള്ളുലക്കുന്നതായിരുന്നു ആ കാഴ്ച. ഒരുവട്ടം കൂടി നോക്കാൻ ഭയപ്പെടുത്തുമാറ് പേടിപ്പെടുത്തുന്നത്. നാഷണൽ പെർമിറ്റ് ലോറിക്കടിയിൽ സ്കൂട്ടർ സഹിതം അകപ്പെട്ടുപോയൊരാൾ. റോഡിലൂടെ ഏറെ ദൂരം വലിച്ചിഴക്കപ്പെട്ടതിനാൽ ഇടതുകാൽ മുട്ടൊപ്പം ചതഞ്ഞരഞ്ഞ് അറ്റുപോവാറായിട്ടുണ്ട്. ചോരചീറ്റിത്തെറിച്ച് ഒഴുകാൻ തുടങ്ങിയിരിക്കുന്നു. സ്വയം എഴുന്നേറ്റിരുന്ന് പോക്കറ്റിൽനിന്ന് ഫോ ണെടുത്ത് ബന്ധുക്കൾ ആരൊയൊക്കെയോ വിവരമറിയിക്കുകയാണ് പരിക്കേറ്റയാൾ. ഒരുവട്ടംകൂടി നോക്കാനാവാതെ കണ്ടുനിന്നവർ മുഖംതിരിക്കുന്പോൾ വിപദിധൈര്യത്തിന്റെ ആൾരൂപമാവുകയാണ് അയാൾ. പുതിയ ബസ് സ്റ്റാൻഡിന് സമീപം ചൊവ്വ രാവിലെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബോവിക്കാനം ബാവിക്കരമൂലയിലെ ടി വി ബാബുരാജനാ(63)ണ് കാഴ്ചക്കാരുടെ ഉള്ളുലച്ചത്. പുതിയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് മംഗളൂരു ഭാഗത്തേക്ക് തിരിയുന്ന ഭാഗത്ത് ചൊവ്വാഴ്ച രാവിലെ ഏഴിനാണ് ദാരുണമായ അപകടം. ലോറിയുടെ ഇടതുവശത്ത് കൂടി കയറി വന്ന സ്കൂട്ടർ ലോറിയുടെ മുൻവശത്ത് അകപ്പെടുകയായിരുന്നു. സ്കൂട്ടർ സഹിതം ബാബുരാജിനെ പത്തുമീറ്ററലിധികം വലിച്ചിഴച്ചശേഷമാണ് ലോറിക്ക് നിർത്താനായത്. ഓടിക്കൂടിയവർ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാഞ്ഞതോടെ അഗ്നിരക്ഷാസേനയെ അറിയിച്ചു. ഫയർഫോഴ്സ് എത്തുന്പോൾ പരസഹായമില്ലാതെ എഴുന്നേറ്റിരുന്ന് ബന്ധുക്കളെയും മറ്റും ഫോണിൽ അപകടവിവരം അറിയിക്കുകയായിരന്നു ബാബുരാജൻ. കാൽ ചതഞ്ഞരഞ്ഞ് അറ്റുപോകാറായത് കണ്ടിട്ടും മനസാന്നിധ്യം കൈവിട്ടില്ല. അഗ്നിരക്ഷാസേന കുതിച്ചെത്തി എയർ ബേസ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ ലോറിയുടെ മുൻഭാഗം ഉയർത്തി ആസ്റ്റർ മിംസ് ആശുപത്രിയിലെത്തിച്ചു. ലോറിക്കടിയിൽപ്പെട്ട സ്കൂട്ടറിൽ ഇരിക്കുന്ന നിലയിലായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്പോഴും ബോധം നഷ്ടമായിരുന്നില്ല. ഇടതുകാലിനുമുട്ടിന് താഴെ നിശ്ശേഷം ചതഞ്ഞ് നിലയിലാണ്. ബാബുരാജിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ മുഹമ്മദ് സിറാജുദ്ദീൻ, നൗഫൽ, എസ് അരുൺകുമാർ, ജിത്തു തോമസ്, അജേഷ് കുമാർ, എം രമേശ, ഹോം ഗാർഡുമാരായ റീജിത് നാഥ്, ശോഭൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാദൗത്യം.

No comments