പാലക്കുന്ന് കലംകനിപ്പിൽ ആവേശം നിറച്ച് വിദേശികളും
ഉദുമ : വിശ്വാസവും ആചാരവും നാട് നെഞ്ചേറ്റുമ്പോൾ വിദേശികൾക്കും അതിൽ കാര്യമുണ്ട്. ജനുവരിയിലെ ഇളംവെയിൽ പാലക്കുന്ന് ക്ഷേത്രമുറ്റത്ത് സ്വർണവർണം വിതറുന്പോൾ കണ്ട കാഴ്ചകൾ സ്പെയിൻകാരനായ രഹുൽ സോതില്ലായ്ക്കും ബെൽജിയംകാരി അൽമാ ബ്രക്ക്മാനും ആകർഷകവും കൗതുകവുമായിരുന്നു. തലയിൽ മൺകലങ്ങളേന്തി കൈയിൽ കുരുത്തോലയുമായി ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കുന്ന സ്ത്രീകളുടെ നിര കണ്ടപ്പോൾ ഇരുവരും അത്ഭുതംകൂറി. "ഇത് മൺകലങ്ങളുടെ കടൽപോലെ തോന്നിക്കുന്നു' അൽമ ആവേശത്തോടെ പറഞ്ഞു. ഓരോ ചടങ്ങിന് പിന്നിലെ വിശ്വാസങ്ങളെക്കുറിച്ചും അവർ ചോദിച്ചറിഞ്ഞു. ജർമനിയിൽ ഒരുമിച്ച് ജോലിചെയ്യുന്ന പാലക്കുന്നുകാരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇവർ കേരളത്തിലെത്തിയത്. ഒപ്പം മഹാരാഷ്ട്രയിൽനിന്നുള്ള സുഹൃത്ത് മായയും. ഇതെല്ലാം കണ്ടറിഞ്ഞ ശേഷം മൺചട്ടിയിൽ വിളമ്പിയ ചൂടുള്ള ഉണക്കലരി കഞ്ഞി മാങ്ങാ അച്ചാറും കൂട്ടി ആസ്വദിച്ചു കഴിച്ചാണ് മൂവരും മടങ്ങിയത്.
No comments