ലോറിയിൽ നിന്ന് മരം ഇറക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
കാസർകോട്: ലോറിയിൽ നിന്ന് മരം ഇറക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബദിയഡുക്ക മൂകംപാറയിലെ ഹോട്ടൽ തൊഴിലാളിയും ആസാം ജോഗിക്കോപ സ്വദേശി ചമത് അലിയുടെ മകനുമായ അലി അക്ബർ(32)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. മരത്തടിയുമായി മരമില്ലിലേക്ക് വന്നതായിരുന്നു ലോറി. ലോറിയിൽ നിന്ന് റോഡരുകിൽ മരം ഇറക്കുമ്പോൾ ടോർച്ച് തെളിച്ച് വെളിച്ചം കാണിക്കാനാണ് ഹോട്ടൽ തൊഴിലാളിയായ അലി അക്ബർ സ്ഥലത്തേക്ക് പോയത്. ലോറിയിലുണ്ടായിരുന്നവർ മാറിനിൽക്കാൻ പറഞ്ഞിരുന്നുവെങ്കിലും ഭാഷ മനസ്സിലാകാത്തതിനാൽ അലി അക്ബർ മാറിയില്ലെന്നു പറയുന്നു. ഗുരുതരമായി പരിക്കേറ്റ അലി അക്ബറിനെ ഉടനെ ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.
No comments