കാസർകോട്ട് ഏറെ കോളിളക്കം സൃഷ്ടിച്ച തളങ്കര ഇരട്ടക്കൊലക്കേസിലെ പ്രതികളായ ദണ്ഡുപാള സംഘത്തിന്റെ സൂത്രധാരന്മാരിൽ ഒരാൾ അറസ്റ്റിൽ
കാസർകോട്: കാസർകോട്ട് ഏറെ കോളിളക്കം സൃഷ്ടിച്ച തളങ്കര ഇരട്ടക്കൊലക്കേസിലെ പ്രതികളായ ദണ്ഡുപാള സംഘത്തിന്റെ സൂത്രധാരന്മാരിൽ ഒരാൾ അറസ്റ്റിൽ. 29 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന ഹനുമന്തപ്പ എന്ന കെ കൃഷ്ണപ്പ എന്ന ചാക്ക കൃഷ്ണ (55)യെ ആണ് ഉറുവ പൊലീസ് അറസ്റ്റു ചെയ്തത്.
1997 ഒക്ടോബർ മാസത്തിൽ മാരി ഗുഡി, അൻവർ മഹറിലെ ലൂയിസ് വിനല്ലോ (80), പേരമകൻ രഞ്ജിത്ത് വേഗസ് (19) എന്നിവരെ തലക്കടിച്ചു കൊന്ന് സ്വർണ്ണം കൊള്ളയടിച്ച കേസിലെ പ്രതിയാണ് ഹനുമന്തപ്പ. ഇയാൾ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം വീട്ടിൽ അതിക്രമിച്ചു കടന്നാണ് കൊള്ളയും ഇരട്ടക്കൊലപാതകവും നടത്തിയത്. ഹനുമന്തപ്പ ഒഴികെയുള്ള മറ്റു പ്രതികളെ ഇരട്ട കൊലപാതകം നടന്ന് ഏറെ വൈകും മുമ്പ് പിടികൂടിയിരുന്നു. എന്നാൽ ഒളിവിൽ പോയ ഹനുമന്തപ്പയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. 1998 ഫെബ്രുവരി 23നാണ് തളങ്കര ഖാസിലൈനിലെ അബ്ദുള്ളയുടെ ഭാര്യ പി എസ് ബീഫാത്തിമ (58) വീട്ടുജോലിക്കാരിയായ തമിഴ്നാട് സ്വദേശിനി സെൽവി (16) എന്നിവർ ക്രൂരമായി കൊല്ലപ്പെട്ടത്. കാസർകോട്ട് ഏറെ കോളിളക്കം സൃഷ്ടിച്ച ഇരട്ട കൊലക്കേസ് ആയിരുന്നു തളങ്കരയിലേത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരട്ടക്കൊലപാതകം നടത്തിയത് കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൊടും ക്രിമിനൽ സംഘമായ ദണ്ഡുപാള്യ സംഘമാണെന്ന് കണ്ടെത്തിയിരുന്നു. കേസിൽ ഒന്നാം പ്രതിയായ ദൊഡ്ഡഹനുമ(45)യെ കാസർകോട് ജില്ലാ കോടതി ജീവപര്യന്തം തടവിനും രണ്ടു മുതൽ നാലു വരെ പ്രതികളായ പുതുക്കോളി വെങ്കിടേഷ് (47), മുനി കൃഷ്ണ (43), നല്ലതിമ്മ (42) എന്നിവരെ പത്തു വർഷത്തെ കഠിനതടവിനും ശിക്ഷിച്ചിരുന്നു.
1996 മുതൽ 2001 വരെ കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലായി 84 കൊടുംകുറ്റങ്ങൾ നടത്തിയ പ്രതികളാണ് സംഘാംഗങ്ങൾ എല്ലാവരും. കേസ് വാദിക്കാനായി സ്വന്തം അഭിഭാഷകരും സംഘത്തിന് ഉണ്ട്.
No comments