യുവജനങ്ങളിലെ ജീവിതശൈലീമാറ്റം പഠനവിധേയമാക്കും ; കാസർഗോഡ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ അദാലത്ത് നടന്നു
കാസർഗോഡ് : യുവജനങ്ങളിലെ ജീവിതശൈലീമാറ്റങ്ങളും മാനസികാരോഗ്യവും പഠന വിധേയമാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ എം ഷാജർ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ അദാലത്തിൽ സംസാരിക്കുകയായിരുന്നു ഷാജർ.കേരളത്തിലെ പൊതു സാമൂഹിക ജീവിതത്തിൽ യുവജനങ്ങൾ നേരിടുന്ന സംഘർഷങ്ങളെപ്പറ്റി ശാസ്ത്രീയമായി പഠിക്കും. യുവാക്കളുടെ സ്വഭാവത്തിലെ വ്യതിയാനങ്ങൾ വിവാഹജീവിതത്തിലും വ്യക്തി ജീവിതത്തിലും നേരിടുന്ന സംഘർഷം, അവ പരിഹരിക്കാൻ സാധിക്കാത്ത മാനസികാവസ്ഥ, വർധിക്കുന്ന ലഹരി ഉപയോഗം, മദ്യപാനം, ആഹാരക്രമങ്ങൾ, ഡിജിറ്റൽ വിനിമയങ്ങൾ എന്നിങ്ങനെ വിവിധ ഘടകങ്ങൾ, വിദഗ്ധരുടെ സഹായത്തോടെ വിവിധ കോളേജുകളിലെ എംഎസ് ഡബ്ല്യു, എംഎസ് സി സൈക്കോളജി വിദ്യാർഥികളുടെ സഹായത്തോടെ പഠിക്കും. പഠനത്തിന്റെ കണ്ടെത്തലുകൾ റിപ്പോർട്ടായി സർക്കാരിനു സമർപ്പിക്കുമെന്നും ഷാജർ പറഞ്ഞു. ജില്ലാ അദാലത്തിൽ പരിഗണിച്ച 20 പരാതികളിൽ 11 എണ്ണം തീർപ്പാക്കി. ഒന്പതുപരാതികൾ അടുത്ത സിറ്റിങിലേക്ക് മാറ്റിവെച്ചു. പുതിയ നാലു പരാതികൾ ലഭിച്ചു. ജില്ലാ അദാലത്തിൽ യുവജന കമ്മീഷൻ സെക്രട്ടറി ഇൻ ചാർജ് കെ ജയകുമാർ, കമ്മീഷൻ അംഗം പി പി രൺദീപ്, പി അഭിഷേക് എന്നിവർ പങ്കെടുത്തു.
No comments