കാത്തിരിപ്പിന് വിരാമമിട്ട് 77 പട്ടികവർഗ കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമി ക ണ്ടെത്തി നൽകി സംസ്ഥാന സർക്കാർ ലാൻഡ് ബാങ്ക് പദ്ധതിയുടെ ഭാഗമായി വെള്ളരിക്കുണ്ട് താലൂക്കിലാണ് ഭൂമി നൽകിത്
രാജപുരം : പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് 77 പട്ടികവർഗ കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമി കണ്ടെത്തി നൽകി സംസ്ഥാന സർക്കാർ. ഒരുതുണ്ട് ഭൂമിയും കയറികിടക്കാൻ വീടുമില്ലാത്ത കുടുംബങ്ങൾക്ക് താങ്ങും തണലുമായി ലാൻഡ് ബാങ്ക് പദ്ധതിയുടെ ഭാഗമായി വെള്ളരിക്കുണ്ട് താലൂക്കിലാണ് ഭൂമി നൽകിത്. പട്ടിക വർഗ വികസന വകുപ്പാണ് പനത്തടി, കള്ളാർ, കോടോം ബേളൂർ, ബളാൽ, ഈസ്റ്റ് ഏളേരി, വെസ്റ്റ് ഏളേരി പഞ്ചായത്തിലെ കുടുംബങ്ങൾക്ക് ഭൂമി കണ്ടെത്തി നൽകിയത്. കോടോം ബേളൂർ പഞ്ചായത്തിലെ ലാലൂരും, ബളാൽ പഞ്ചായത്തിലെ മലോം വില്ലേജിലെ ദേവഗിരിയി, പാവത്തട്ട് എന്നിവടങ്ങളിലാണ് ഭൂമി നൽകിയത്. ലാലൂരിൽ 27 കുടുംബങ്ങൾക്ക് 20 സെന്റ് വീതവും, ദേവഗിരിയിൽ 25 സെന്റ് വീതം 26 കുടുംബങ്ങൾക്കും, പാവത്തട്ടിൽ രണ്ടു ഭാഗങ്ങളിലായി 24 കുടുംബങ്ങൾക്കുമാണ് ഭൂമി നൽകിയത്. 17.9 ഏക്കർ ഭൂമിയാണ് സർക്കാർ ഇതിനുവേണ്ടി പണംനൽകി വാങ്ങിയത് . കൃഷി യോഗ്യവും, വാസയോഗ്യവും, കുടിവെള്ളം, റോഡ്, വൈദ്യുതി സൗകര്യങ്ങളും ഉള്ള ഭൂമിയാണ് നൽകിയത്. ഭൂമി ലഭിച്ച കുടുംബങ്ങൾക്ക് പട്ടിക വർഗ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഭൂമി അളന്ന് തിട്ടപ്പെടുത്തി നൽകി. പട്ടയമേളയിൽ ഭൂമിയുടെ പട്ടയം വിതരണം ചെയ്യും. ഇതോടൊപ്പം ത്രിതല പഞ്ചായത്തിന്റെ സഹായത്തോടെ വീടുവച്ച് നൽകുന്ന പദ്ധതിയും നടപ്പാക്കും. ലാലൂരിൽ കഴിഞ്ഞ ദിവസം പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലം അളന്ന് ഗുണഭോക്താക്കൾക്ക് വീതംവച്ച് നൽകി. തുടർന്ന് ഗുണഭോക്താക്കളുടെ യോഗം വിളിച്ച് സ്ഥലം സംബന്ധിച്ച് വിശദീകരണം നൽകി. യോഗത്തിൽ പരപ്പ അസിസ്റ്റന്റ് ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ കെ മധുസൂദനൻ, പനത്തടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സലീം താഴെ കോറോത്ത്, കോടോം ബേളൂർ പഞ്ചായത്തംഗം എച്ച് സുമിത്ര, കള്ളാർ പഞ്ചായത്തംഗം ബിന്ദു ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.
No comments