മലയോരത്തെ കുടിവെള്ളസ്രോതസുകളായ തോടുകളിൽ നഞ്ച് കലക്കി മീൻപിടിത്തം വ്യാപകം; കർശന നടപടിക്കൊരുങ്ങി അധികൃതർ
വെള്ളരിക്കുണ്ട് :മഴക്കാലം മാറി തോടുകളിൽ ഒഴുക്ക് കുറഞ്ഞതോടെ പുഴകളിലും തോടുകളിലും നഞ്ച് ഉൾപ്പെടെയുള്ള വിഷം കലക്കി മീൻപിടുത്തം വ്യാപകമായി. മറ്റു സ്ഥലങ്ങളിൽനിന്ന് ആളുകൾ വന്ന് തോടുകളിൽ വിഷം കലക്കി മീൻപിടിക്കുന്നത് പരിസരവാസികൾ ചോദ്യം ചെയ്യുന്നതോടെ പലയിടത്തും സംഘർഷവും ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം ചൈത്രവാഹിനി പുഴയിൽ പാറാടകയം, വെള്ളച്ചിപ്പാറ, കൊന്നക്കാടിനടുത്ത മുട്ടോങ്കടവ്, എരുമച്ചാൽ തോട് തുടങ്ങിയ സ്ഥലങ്ങളിൽ മാരകമായ വിഷം കലക്കി മീൻ പിടിക്കാൻ ശ്രമം നടന്നു. മീനുകളും ഞണ്ടുകളും പലയിടങ്ങളിലും ചത്തുപൊങ്ങുന്നുണ്ട്. പുഴയിൽ ദുർഗന്ധവുമുണ്ട്. കുടിവെള്ള ശ്രോതസായും കുളിക്കാനും അലക്കാനും മറ്റു ആവശ്യങ്ങൾക്കുമായി തോടുകളെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങളുണ്ട്. നിയമവിരുദ്ധമായ മീൻ പിടുത്തം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് വെസ്റ്റ് എളേരി, ബളാൽ പഞ്ചായത്ത് ഓഫീസുകളിലും, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനുകളിലും പൊതുപ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്. മീൻപിടുത്തത്തിന്റെ മറവിൽ ചിലയിടത്ത് വ്യാജ മദ്യവിതരണവും ലഹരി പദാർഥങ്ങളുടെ കൈമാറ്റവും നടക്കുന്നതായി പരാതിയിലുണ്ട്.
No comments