Breaking News

പശുവളർത്തൽ ജീവിതചര്യയാക്കിയ വെസ്റ്റ് എളേരി പഞ്ചായത്ത് വരക്കാട്ടെ കെ ജാനകിയ്ക്ക് മികച്ച ക്ഷീര കർഷകർക്കുള്ള പുരസ്ക്കാരം

ഭീമനടി : വർഷങ്ങളായി പശുവളർത്തൽ ജീവിതചര്യയാക്കിയ വെസ്റ്റ് എളേരി പഞ്ചായത്ത് വരക്കാട്ടെ കെ ജാനകിയ്ക്ക് ഇത് അർഹതയ്ക്കുള്ള അംഗീകാരം. മികച്ച ക്ഷീര കർഷകർക്കുള്ള പുരസ്കാരമാണ് കെ ജാനകിയെ തേടിയെത്തിയത്. പരപ്പ ബ്ലോക്കിലെ നർക്കിലക്കാട് ക്ഷീരസഹകരണ സംഘത്തിലാണ് വർഷങ്ങളായി പാൽ അളക്കുന്നത്. പരമ്പരാഗതമായി പശു വളർത്തലുള്ള കുടുബമാണ് ഇവരുടേത്. കഴിഞ്ഞ സാന്പത്തിക വർഷം 56414.7 ലിറ്റർ പാൽ ഇവർ സംഘത്തിൽ അളന്നു. 21 വർഷം സർക്കാർ സർവീസിൽ പാർടൈം ജീവനക്കാരിയായിരുന്ന ജാനകി ജോലി കഴിഞ്ഞെത്തുന്ന സമയം തൊട്ട് കന്നുകാലി പരിചരണത്തിൽ ഏർപ്പെടും. ഭർത്താവും പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാനുമായ കയനി ജനാർധനനും മകൻ സുനിൽ കുമാറും ഭാര്യ സാവിത്രിയും പേരമക്കളും എല്ലാം പിന്തുണയുമായി ഒപ്പമുണ്ട്. നാല് വർഷം മുമ്പ് സർവീസിൽനിന്ന് പിരിഞ്ഞതോടെ പൂർണമായും ക്ഷീരകൃഷിയിലായി ശ്രദ്ധ. നിലവിൽ 20 പശുക്കളാണ് ഫാമിലുള്ളത്. ദിവസം ശരാശരി 220 ലിറ്റർ പാൽ അളക്കുന്നു. ജില്ലാ തലത്തിലും ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലത്തിലും നിരവധി സമ്മാനം നേടി. പഞ്ചായത്തിൽ വർഷങ്ങളായി ഏറ്റവും കൂടുതൽ പാൽ അളക്കുന്ന കർഷകയാണ്. സർക്കാർ സർവിസിൽ പ്രവേശിക്കും മുന്പ് 25 -ാം വയസിൽ വെസ്റ്റ് എളേരി പഞ്ചായത്ത് അംഗമായിരുന്നു. മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി, പ്രസിഡന്റ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. എളേരി വനിതാ സർവീസ് സഹകരണ സംഘം സ്ഥാപക നേതാക്കളിൽ ഒരാളായും 15 വർഷം പ്രസിഡന്റായും പ്രവർത്തിച്ചു.

No comments