പാലക്കാട്: കല്ലേക്കാട് വ്യാസവിദ്യാപീഠത്തിലെ ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഹോസ്റ്റലിൽ ആണ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രുദ്ര രാജേഷ് (16) എന്ന കുട്ടിയാണ് മരിച്ചത്. ഒറ്റപ്പാലം വരോട് സ്വദേശികളായ രാജേഷിൻ്റെയും ശ്രീജയുടെയും മകൾ ആണ് രുദ്ര. ഇന്നലെ രാത്രി ഒൻപതോടെ കുട്ടിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതേ സമയം, കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സ്‌കൂളിനെതിരെ ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് കുടുംബം. മകൾ മരിച്ചത് സീനിയർ വിദ്യാർത്ഥിനികളുടെ റാഗിങ്ങ് മൂലമെന്നാണ് അച്ഛൻ രാജേഷ് ആരോപിക്കുന്നത്. സീനിയർ വിദ്യാർത്ഥികൾ മകളെ മർദ്ദിക്കാൻ ശ്രമിച്ചുവെന്നും ഹോസ്റ്റൽ വാർഡന് എല്ലാം അറിയാമെന്നും അച്ഛൻ പറയുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ചൈൽഡ്ലൈനും പൊലീസിലും പരാതി നൽകിയിരിക്കുകയാണ് കുടുംബം.
അതേ സമയം, അച്ഛന്റെ ആരോപണം പൂർണമായും നിഷേധിക്കുകയാണ് സ്കൂൾ അധികൃതർ. റാഗിങ്ങുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയോ കുടുംബമോ പരാതി നൽകിയിട്ടില്ലെന്നാണ് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നത്. കുടുംബത്തിൻറെ പരാതിയെ തുടർന്ന് പോലീസ് സ്കൂളിലെത്തി അന്വേഷണം നടത്തും. മരിച്ച രുദ്രയുടെ സഹപാഠികളിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴി രേഖപ്പെടുത്തും. പാലക്കാട് ടൗൺ നോർത്ത് പോലീസാണ് അന്വേഷണം നടത്തുന്നത്
No comments