Breaking News

പനത്തടിയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ നാടകീയ രംഗങ്ങള്‍. ആരോഗ്യ - വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മറ്റിയിലേക്കുള്ള വനിതാ സംവരണ സീറ്റില്‍ സി.പി.എം അംഗങ്ങള്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു


പാണത്തൂര്‍: പനത്തടി പഞ്ചായത്തില്‍ ഇന്നലെ നടന്ന സ്റ്റാന്‍ഡിങ്  കമ്മിറ്റി തിരഞ്ഞെടുപ്പില്‍ സി.പി.എം അംഗങ്ങള്‍ കോണ്‍ഗ്രസ്  സ്ഥാനാര്‍ത്ഥി വോട്ട്  ചെയ്തു. ആരോഗ്യ - വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുള്ള വനിതാ സംവരണ സീറ്റിലേക്ക്   നടന്ന തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സി.പി.എം അംഗങ്ങള്‍ വോട്ടു ചെയ്തത്. വനിതാ സംഭരണ സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസ്സിലെ റീനാ തോമസിന് കോണ്‍ഗ്രസ്സിന്റേയും, സി.പി.എം ന്റെയും മുഴുവന്‍ വോട്ടുകളും ലഭിച്ചു. റീനാ തോമസിന് സിപിഎം ന്റെ 8 വോട്ടും, കോണ്‍ഗ്രസ്സിന്റെ 6 വോട്ടും ഉള്‍പ്പെടെ 14 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പിയുടെ  പി.എസ് ഭവ്യക്ക്  3 വോട്ടുകളാണ് ലഭിച്ചത്. തുടര്‍ന്ന്  വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സി.പി.എം അംഗമായ സി ബാലകൃഷ്ണന് 8 വോട്ടും കോണ്‍ഗ്രസ് അംഗമായ കെ.ജെ ജെയിംസിന് 6 വോട്ടും ബി.ജെ.പി അംഗമായ കെ.കെ വേണുഗോപാലിന് 3 വോട്ടും ലഭിച്ചു. തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച  കോണ്‍ഗ്രസിന്റെ മറ്റൊരംഗമായ  എന്‍ വിന്‍സന്റിന് പൂജ്യം വോട്ടാണ് ലഭിച്ചത്. ഇദ്ദേഹം ഈ സ്റ്റാന്റിങ് കമ്മിറ്റിയില്‍ നിന്ന് പുറത്താകുകയും ചെയ്തു. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ രണ്ടാം വോട്ടില്‍ സി.പി.എം ന്റെ മുഴുവന്‍ വോട്ടുകളും എന്‍ വിന്‍സന്റിനാണ് ലഭിച്ചത്.

           ഇതേസമയം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചില വാര്‍ഡുകളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് സി.പി.എം നേതാക്കള്‍ തമ്മില്‍ ഉണ്ടാക്കിയ ധാരണ സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റിയില്‍ സി.പി.എംനാണ് ഭൂരിപക്ഷമെങ്കിലും ഇവര്‍ തമ്മിലുള്ള ധാരണപ്രകാരം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ ഇതിന്റെ ചെയര്‍മാന്‍ ആക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. ചില വാര്‍ഡുകളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കുന്നതിനായി ഇവര്‍ പരസ്പരം വോട്ടുകള്‍ മറിച്ചെന്നും, സി.പി.എം, കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ തമ്മില്‍ ഉണ്ടാക്കിയ ധാരണപ്രകാരം പഞ്ചായത്തിലെ ചില വാര്‍ഡുകളില്‍ ചില സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിനായി ഇവര്‍ സൗഹൃദ മല്‍സരമാണ്  നടത്തിയതെന്നും ബി.ജെ.പി ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ പരസ്പരം മല്‍സരിച്ച് വിജയിച്ച മെമ്പര്‍മാര്‍ സ്റ്റാന്റിങ് കമ്മറ്റി തിരഞ്ഞെടുപ്പില്‍ പരസ്പരം സഹായിച്ചത് വോട്ടര്‍മാരെ വഞ്ചിക്കലാണെന്നും, ഇവരുടെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്നും പഞ്ചായത്തിലെ ബി.ജെ.പി മെമ്പര്‍മാരായ കെ.കെ. വേണുഗോപാല്‍, എം ഷിബു,  പി.എസ് ഭവ്യ എന്നിവര്‍ പറഞ്ഞു.


No comments