ചെണ്ട കൊട്ടിയും തീകൂട്ടിയും മടുത്തു കാട്ടാനയെ കൊണ്ട് രക്ഷയില്ലാതെ മലയോരം
രാജപുരം : തുരത്താൻ പടക്കം പൊട്ടിച്ചും, ചെണ്ട കൊട്ടിയും തീകൂട്ടിയും മടുത്തു. കാട്ടാനയെ കൊണ്ട് രക്ഷയില്ലാതെ റാണിപുരം വന മേഖല. ഏറെ കാലമായി വരവ് നിലച്ചിരുന്ന കാട്ടാനക്കൂട്ടം വീണ്ടുമെത്തിയതോടെ നാട് ഭീതിയിലായി. പനത്തടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ദിവസവും കാട്ടാനയിറങ്ങുന്നത് പതിവായി. നട്ടു നനച്ചുണ്ടാക്കിയ കൃഷിയിടങ്ങൾ കൂട്ടത്തോടെ എത്തുന്ന കാട്ടാനകൾ നശിപ്പിക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി. ആനയെ തടയുന്നതിന് ശാശ്വത പരിഹാരമുണ്ടാക്കാൻ വനം വകുപ്പിനോ ബന്ധപ്പെട്ട അധികൃതർക്കോ കഴിയുന്നില്ല. സംസ്ഥാന സർക്കാരും വനം വകുപ്പും പനത്തടി പഞ്ചായത്തും ചേർന്ന് ആന ശല്യം തടയുന്നതിന് ശക്തമായ നടപടി എടുത്തതിനാൽ കുറച്ച് ഭാഗങ്ങളിൽ തടയാൻ സാധിച്ചു. കർണാടക വന പ്രദേശങ്ങളിൽനിന്നും എത്തുന്ന ആനകളെ തടയാൻ എല്ലാ മേഖലയിലും കമ്പിവേലി നിർമിച്ചാൽ മാത്രമേ പൂർണ പരിഹാരം കണ്ടെത്താനാവൂ. കൃഷിയിടങ്ങളിലെത്തുന്ന ആനകൾ പലരുടെയും ജീവിത മാർഗമാണ് തകർക്കുന്നത്. കണ്ണിൽ കണ്ടതെല്ലാം ആനകൾ നശിപ്പിക്കുമ്പോൾ കാഴ്ക്കാരായി നോക്കിനിൽക്കാനേ ഭൂവുടമകൾക്ക് കഴിയുന്നുള്ളൂ. വർഷങ്ങളുടെ അധ്വാനഫലമായി വിളയിച്ചെടുത്ത കവുങ്ങ്, തെങ്ങ്, വാഴ, റബർ തുടങ്ങിയ കൃഷികൾ വ്യാപകമായി ആന നശിപ്പിക്കുന്നു. ഒരാഴ്ച മുമ്പ് കല്ലപ്പള്ളി പ്രദേശത്ത് കൃഷി നശിപ്പിച്ച കാട്ടാനകൾ കഴിഞ്ഞ ദിവസം പാറക്കടവ്, റാണിപുരം ഭാഗത്താണ് ഇറങ്ങിയത്. റാണിപുരം വിനോദ സഞ്ചാരകേന്ദ്രത്തിലെത്തുന്ന ആനകൾ സഞ്ചാരികൾക്കും ഭീഷണിയാണ്. ആന ഇറങ്ങുന്നത് കാരണം പലപ്പോഴും വിനോദ സഞ്ചാരകേന്ദ്രത്തിലേക്കുള്ള പ്രവേശനവും നിർത്തിവയ്ക്കാറുണ്ട്. കല്ലപ്പള്ളി പാണത്തൂർ റോഡിൽ കശുവണ്ടി പ്ലാന്റേഷൻ തോട്ടത്തിലെത്തുന്ന ആന അവിടെത്തെ തൊഴിലാളികൾക്കും ഭീഷണിയാണ്. ആനപ്പേടിയിൽ പലർക്കും പ്ലാന്റേഷൻ തോട്ടത്തിൽ ഇറങ്ങി ജോലി ചെയ്യാൻപോലും പറ്റാത്ത സ്ഥിതിയാണ്. 12 ഓളം ആനകളാണ് കൂട്ടമായി എത്തുന്നത്.
No comments