പൊട്ടിപ്പൊളിഞ്ഞു പൂടംകല്ല്-ബളാൽ റോഡ് കള്ളാർ പഞ്ചായത്ത് പുതിയ ഭരണസമിതിയെങ്കിലും റോഡ് റീടാർ ചെയ്യണമെന്ന് നാട്ടുകാർ
രാജപുരം : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞു. പുതിയ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി അധികാരവുമേറ്റു. തിരഞ്ഞെടുപ്പിന് മുൻപേ ഉറപ്പ് നൽകിയ റോഡിന്റെ അറ്റകുറ്റപ്പണി ഇനിയെങ്കിലും പൂർത്തിയാക്കുമോയെന്ന് നാട്ടുകാർ. മലയോരത്തെ പ്രധാന
ഗ്രാമപ്പഞ്ചായത്തുകളായ കള്ളാറിനെയും ബളാലിനെയും ബന്ധിപ്പിക്കുന്ന പൂടംകല്ല്-ബളാൽ റോഡാണ് കാലങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. ഓവുചാലിന്റെ അഭാവവും കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തതുമാണ് പലയിടങ്ങളിലും റോഡ് വലിയ തോതിൽ തകരാൻ കാരണമായത്. കള്ളാർ പഞ്ചായത്ത് പരിധിയിലെ അയ്യങ്കാവ് തൈവളപ്പ് മുതൽ കുട്ടിക്കാനം വരെയുള്ള ഭാഗങ്ങളിലാണ് റോഡ് പൂർണമായി തകർന്നിരിക്കുന്നത്.
തൈവളപ്പ് കയറ്റം തുടങ്ങുന്ന ഭാഗത്ത് ടാറിട്ട ഭാഗമിപ്പോൾ കുണ്ടും കുഴിയും നിറഞ്ഞ മൺറോഡായി മാറിയിട്ടുണ്ട്. മുൻപ് ടാറിടാൻ ഉപയോഗിച്ച കല്ലുകൾ മാത്രമാണ് പലയിടങ്ങളിലും ബാക്കിയുള്ളത്.
ബളാൽ പഞ്ചായത്തിന്റെ ഭാഗമായുള്ള റോഡും പലയിടങ്ങളിലും തകർന്നിരുന്നു. എന്നാൽ നാട്ടുകാരുടെ പ്രതിഷേധം കടുത്തതോടെ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ അവരുടെ ഭാഗം റീടാർചെയ്ത് ഗതാഗത യോഗ്യമാക്കി. എന്നാൽ കള്ളാർ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത്നിന്ന് അറ്റുകുറ്റപ്പണിക്ക് നീക്കമൊന്നുമുണ്ടായില്ല. അതിനിടെ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ യാത്രചെയ്ത് മടുത്ത നാട്ടുകാർ കഴിഞ്ഞ നവംബറിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണയടക്കം നടത്തിയിരുന്നു. എന്നാൽ ഉടൻ അറ്റകുറ്റപ്പണിയെടുക്കുമെന്ന ഉറപ്പ് മാത്രമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് അടുത്തതോടെ അറ്റകുറ്റപ്പണിക്കായി 7.30 ലക്ഷം രൂപ
നീക്കിവച്ചിട്ടുണ്ടെന്നും കരാർ നടപടികൾ പൂർത്തിയാക്കി ഉടൻ പ്രവൃത്തി നടത്തുമെന്നുമായിരുന്നു അധികൃതരുടെ ഉറപ്പ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുമാസമാകുമ്പോഴും റോഡിന്റെ സ്ഥിതി ഇപ്പോഴും പഴയതുപോലെ തുടരുകയാണ്. യാത്രാ ദുരിതം സഹിക്കാൻ കഴിയാതായതോടെ ഒരുമാസംമുൻപ് താത്കാലിക ആശ്വാസമാകാൻ ജനകീയ സമിതിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ മണ്ണിട്ട് നികത്തിയിരുന്നു. അറ്റകുറ്റപ്പണി നീളുകയും വേനൽ കനക്കാനും തുടങ്ങിയതോടെ റോഡ് തകർന്നതിനൊപ്പം പൊടിശല്യവും രൂക്ഷമായിത്തുടങ്ങി. അടിയന്തരമായി അറ്റകുറ്റപ്പണിക്ക് നടപടിയെടുക്കാത്ത പക്ഷം ശക്തമായ പ്രതിഷേധത്തിനാണ് നാട്ടുകാർ ഒരുങ്ങുന്നത്.
No comments