സൈക്കിളിൽ 'സർക്കീട്ടിനിറങ്ങിയ' കുടുംബം കാസർകോട്ടെത്തി
തൃക്കരിപ്പൂർ : സൈക്കിളിൽ സർക്കീട്ടിനിറങ്ങിയ മലപ്പുറത്തെ കുടുംബം ഇനി കാസർകോടൻ കാഴ്ചകൾ കാണും. ജോലി രാജിവെച്ച് കേരളം കാണാനിറങ്ങിയ മലപ്പുറം പാണ്ടിക്കാട്ട് നിന്നുള്ള ദമ്പതിമാരായ ആശിഖും വർദയും മക്കളുമൊത്ത് ജില്ലയിലെത്തി. പ്രകൃതിപഠനം മറ്റെന്തിനേക്കാളും പ്രധാനമാണെന്ന ചിന്തയിൽനിന്നാണ് പരിസ്ഥിതിസൗഹൃദ യാത്രയ്ക്ക് ഇവർ നാന്ദികുറിക്കുന്നത്. ഇരുവരും സൈക്കിൾ യാത്ര നടത്തുന്നത് പ്രകൃതിയുടെ വിശാല പാഠപുസ്തകത്തിലേക്കാണ്. മക്കളായ 10 വയസ്സുകാരൻ കാഹിൽ അർശും മൂന്ന് വയസ്സുകാരൻ ആര്യൻ അർശും ഒപ്പമുണ്ട്.
പെരിന്തൽമണ്ണയിൽനിന്ന് ജനുവരി ഒന്നിന് ആരംഭിച്ച യാത്ര 21 ദിവസം കൊണ്ടാണ് ജില്ലയിലെത്തിയത്. മുൻകൂട്ടി നിശ്ചയിച്ച യാത്രാപദ്ധതികൾ ഇവർക്കില്ല. നാട് കണ്ടുതീരുംവരെ ഈ ചക്രങ്ങളുരുളും. മൂന്ന് സൈക്കിളുകളിലായാണ് യാത്ര. മൂന്ന് വയസ്സുകാരനായ ആര്യൻ മാതാവിന്റെ സൈക്കിളിന്റെ പിറകിലിരിക്കും. നാലാം ക്ലാസുകാരൻ കാഹിലിന്റെ കുഞ്ഞുസൈക്കിൾ ആശിഖിന്റെ സൈക്കിളിനൊപ്പം ഘടിപ്പിച്ചതാണ്. ഇതിനുവേണ്ട സജ്ജീകരണങ്ങൾ യുകെയിൽനിന്നാണ് ഇറക്കുമതി ചെയ്തത്.
No comments