വംശനാശഭീഷണി നേരിടുന്ന ഭീമൻ പാലപ്പൂവൻ ആമയുടെ മുട്ടകൾ പയസ്വിനി പുഴക്കരയിൽനിന്ന് ലഭിച്ചു
കുണ്ടംകുഴി: വംശനാശഭീഷണി നേരിടുന്ന ഭീമൻ പാലപ്പൂവൻ ആമയുടെ മുട്ടകൾ പയസ്വിനി പുഴക്കരയിൽനിന്ന് ലഭിച്ചു. വനപാലകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇവ സംരക്ഷിച്ച് വിരിയിച്ചെടുക്കാൻ വേണ്ട ഒരുക്കങ്ങളെല്ലാമായി. കുണ്ടംകുഴി ചൊട്ടയിലാണ് 37 മുട്ടകൾ ലഭിച്ചത്.
തിങ്കളാഴ്ച പകൽ പാലക്കാൽ കെ. മോഹൻകുമാർ വീടിന് മുന്നിൽ പുഴക്കരയിൽ നിൽക്കവെയാണ് വെള്ളത്തിൽനിന്ന് ആമ കരയിലേക്ക് കയറുന്നത് കണ്ടത്. വെള്ളത്തിൽനിന്ന് രണ്ട് മീറ്ററോളം കരയിലെത്തിയ ആമ മണലിൽ കുഴിയുണ്ടാക്കി. മുട്ടയിട്ടശേഷം കുഴി മൂടി തിരികെ പോയി.
മോഹൻകുമാർ അറിയിച്ചതനുസരിച്ച് മരുമകൾ പി. ചിത്ര, പ്രദേശവാസി ചന്ദ്രൻ ചെമ്പക്കാട് എന്നിവരും ആമയെ നിരീക്ഷിക്കാൻ ഒപ്പം ചേർന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ. ജയകുമാരൻ, എം. സുന്ദരൻ എന്നിവരും സ്ഥലത്തെത്തി. കാസർകോട് താമസിച്ച് പാലപ്പൂവൻ ആമയെപ്പറ്റി ഗവേഷണം നടത്തുന്ന ഉത്തർപ്രദേശുകാരി ആയുഷി ജെയിനും എത്തി.
ഇവിടെ മുട്ടകൾ സുരക്ഷിതമായിരിക്കില്ല എന്ന അഭിപ്രായം ഉയർന്നതിനാൽ മോഹൻകുമാറിന്റെ വീട്ടുമുറ്റത്താണ് മുട്ടകൾ സുക്ഷിച്ചിട്ടുള്ളത്. വലിയ പ്ലാസ്റ്റിക് പാത്രത്തിൽ പുഴക്കരയിൽനിന്നുള്ള മണൽ നിറച്ചു.
ഇതിനകത്താണിപ്പോൾ മുട്ടകൾ ഉള്ളത്. 60 ദിവസമെടുക്കും വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരാൻ. ശേഷം ഇവയെ പുഴയിൽ ഇറക്കിവിടും. മുൻ സൈനികനും പ്രദേശവാസിയുമായ ടി. കൃഷ്ണൻ, വിശാഖ് പാലക്കൽ, മധു അരമനപ്പടി, അബ്ദുള്ളക്കുഞ്ഞി തുടങ്ങിയവരും നേതൃത്വം നൽകി.
No comments