ശാരീരിക പരിമിതികൾ ലോകം കീഴടക്കാൻ ഇവർക്ക് തടസമല്ല ; രാജ്യത്തിന്റെ അതിരും ഭേദിച്ച് വീണ്ടും യാത്രക്കൊരുങ്ങുകയാണ് ഉദുമ സ്വദേശിയടങ്ങുന്ന അഞ്ചംഗ സംഘം
ഉദുമ : അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട് ചക്രക്കസേരയിലാണ് ഇവരുടെ ജീവിതം. എന്നാൽ തങ്ങളുടെ ശാരീരിക പരിമിതി ലോകം കീഴടക്കാൻ ഇവർക്ക് തടസമല്ല. രാജ്യത്തിന്റെ അതിരും ഭേദിച്ച് വീണ്ടും യാത്രക്കൊരുങ്ങുകയാണ് ഈ അഞ്ചംഗ സംഘം. ഉദുമ മയിലാട്ടി കൂട്ടപ്പുന്നയിലെ കെ രാഗേഷ് (40), തൃശൂരുകാരായ പി എ സൂരജ് (42), പി എ രാജൻ (55), തിരുവനന്തപുരത്തെ ആർ ബി രാകേഷ്(34), കണ്ണൂർ പാണപ്പുഴയിലെ അബ്ദുൽ ബഷീർ (54) എന്നിവരാണ് ഇവർ. ട നാഷൻ ആക്സസിബിലിറ്റി അവയർനസ് റൈഡ് -2026 എന്ന പേരിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും നേപ്പാളും ഭൂട്ടാനും ഉൾപ്പെടെ 12,000 കിലോമീറ്റർ റോഡുവഴി ഇവർ സഞ്ചരിക്കും. വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് ഇവർ സുഹൃത്തുക്കളായത്. പ്രത്യേകം രൂപകല്പനചെയ്ത വാഹനങ്ങളാണ് യാത്രയ്ക്ക് ഉപയോഗിക്കുക.
തിരുവനന്തപുരത്തെ രാകേഷും തൃശൂരിലെ സൂരജും സ്കൂട്ടർ ഓടിച്ചും രാഗേഷും ബഷീറും രാജനും കാറോടിച്ചുമാണ് പര്യടനം. രാഗേഷ് കൂട്ടപ്പുന്നയുടെ യാത്ര 12 ന് വൈകീട്ട് നാലിന് ബേക്കൽ കോട്ടയിൽ ഫ്ലാഗ് ഓഫ് ചെയ്യും. അഞ്ചു പേരും 15 ന് തൃശൂർ ആളൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നിന്നാണ് യാത്ര പുറപ്പെടുക. കോയമ്പത്തൂർ, ചെന്നൈ, കൊൽക്കത്ത, സിലിഗുഡി, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, ഭൂട്ടാൻ, സിക്കിം എന്നിവിടങ്ങളിലൂടെ നേപ്പാളും ഭൂട്ടാനും സന്ദർശിച്ച് ഡൽഹി, മുംബൈ വഴി മടങ്ങും. രാഗേഷിന്റെ കൂടെ അനുജൻ മനീഷ്കുമാറും ബന്ധു രൺജിത്തുമുണ്ട്. നെഞ്ചിനുതാഴെ ചലന ശേഷിയില്ലെങ്കിലും സ്വയം കാറോടിച്ച് 2022 ഒക്ടോബറിൽ ലഡാക്ക് വരെ പോയിട്ടുണ്ട് രാഗേഷ്. യാത്രാനുഭവം ചേർത്ത് 'അയനം അതിജീവനത്തിന്റെ സഞ്ചാരപഥങ്ങൾ' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. മെച്ചപ്പെട്ട ജോലി ആഗ്രഹിച്ചകാണ് രാഗേഷ് ഗൾഫിലെത്തിയത്. പെട്ടെന്നൊരു ദിവസം എഴുന്നേൽക്കാനാകാതെ ശരീരത്തിന്റെ ചലനമറ്റു. നട്ടെല്ലിനെ ബാധിച്ച
അർബുദമാണ് കാരണമെന്ന് തിരിച്ചറിഞ്ഞു. നീണ്ട ചികിത്സയ്ക്കൊടുവിൽ ജീവിതം തിരിച്ചുകിട്ടി. പക്ഷെ നെഞ്ചിനു താഴെ ചലനമില്ല. ലോട്ടറി വിറ്റാണ് ഇപ്പോൾ കഴിയുന്നത്.
No comments