പുതുതായി കണ്ടെത്തിയത് 18 എണ്ണം റാണിപുരത്ത് 117 ഇനം പക്ഷികൾ
രാജപുരം : റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ നടത്തിയ പക്ഷി സർവേയിൽ 117 ഇനം പക്ഷികളെ കണ്ടെത്തി. കഴിഞ്ഞ സർവേയിൽ 99 ഇനങ്ങളെയായിരുന്നു കണ്ടെത്തിയത്. ഇത്തവണ 18 ഇനങ്ങളെ കൂടുതലായി കണ്ടു. വനം വകുപ്പിന്റെയും കാസർകോട് ബേഡേഴ്സ് കൂട്ടായ്മയുടെയും സഹകരണത്തോടെ രണ്ടു ദിവസങ്ങളിലായി റാണിപുരത്തും പരിസരത്തുമാണ് പക്ഷി സർവേ കണ്ടെത്തിയത്. റാണിപുരം വനാന്തരങ്ങളിൽ പുതിയതും പഴയതുമായ വിവിധ ഇനത്തിൽപ്പെട്ട പക്ഷികൾ കൂടുകൂട്ടി കഴിയുന്നുണ്ട്. അതു കൊണ്ട് വ്യത്യസ്ത ഇനം പക്ഷികളെ കണ്ടെത്തുന്നതിന് എല്ലാവർഷവും ഇവിടെ സർവേ സംഘടിപ്പിക്കാറുണ്ട്. പക്ഷികൾക്ക് ജീവിക്കാനുള്ള കാലാവസ്ഥ അനുകൂലമായതിനാലാണ് റാണിപുരം വനാന്തരങ്ങളിൽ കൂടുതൽ പക്ഷികൾ കൂടുകൂട്ടുന്നത്. എന്നാൽ കാലാവസ്ഥക്ക് അനുസൃതമായി പക്ഷികൾ താൽക്കാലിക കൂടുകൾ കൂട്ടി ജീവിക്കുകയും കാലാവസ്ഥ മാറ്റങ്ങളിൽ കൂട് ഉപേക്ഷിച്ച് അനുയോജ്യമായ സ്ഥലങ്ങളിലേക്ക് പോകുകയും ചെയ്യുന്നു. തുടർച്ചയായി ആറാം വർഷമാണ് ഇവിടെ പക്ഷി സർവേ നടത്തുന്നത്. നെൽപ്പൊട്ടൻ, പുൽക്കുരുവി, നിലത്തൻ, പതുങ്ങൻ ചിലപ്പൻ, പൊകണ പ്രാവ്, വെള്ളക്കറുപ്പൻ പരുന്ത്, യുറേഷ്യൻ പ്രാപ്പിടിയൻ, നീലമേനി പാറ്റാപിടിയൻ, ചാരത്തലയൻ പാറ്റാപിടിയൻ, വെള്ളി എറിയാൻ, കരിമ്പരുന്ത്, മരതക പ്രാവ്, മുത്തുപ്പിള്ള, മേനിപ്പാറക്കിളി തുടങ്ങിയ ഇനങ്ങളെ കണ്ടെത്തി. ഇ-ബേഡ് രേഖകൾ പ്രകാരം പുൽക്കുരുവിയുടെ ചിത്രം ആദ്യമായാണ് കാസർകോട് ജില്ലയിൽനിന്ന് പകർത്തുന്നത്. മുന്പ് രണ്ടു തവണയും ശബ്ദംകേട്ടാണ് ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. റാണിപുരം ട്രക്കിങ് പാത, കർണാടക ക്വാർട്ടേഴ്സ്, പാറക്കടവ്, പഴയ ട്രക്കിങ് പാത, എൻഎ പ്ലാന്റേഷൻ തുടങ്ങി 5 ഭാഗങ്ങളിലാണു സർവേ നടത്തിയത്. പുൽമേട്, ഇടതൂർന്ന വനമേഖല, വനാതിർത്തി മേഖല തുടങ്ങി വിവിധതരത്തിലുള്ള ഭൂവിഭാഗങ്ങളിൽ നിരീക്ഷിക്കാൻ കഴിയുംവിധമാണ് പക്ഷി നിരീക്ഷണ പാതകൾ
തിരഞ്ഞെടുത്തത്. പക്ഷി നിരീക്ഷകരായ ശ്യാംകുമാർ പുറവങ്കര, രാജു കി ദുർ, ഹരീഷ് ബാബു, കെ.ടി സന്തോഷ് പനയാൽ, ഡോ എ അനിത, ശ്രീലാൽ കെ മോഹൻ, പ്രണവ് കർലെ തുടങ്ങിയവർ വിവിധ ടീമുകളെ നയിച്ചു.
No comments