Breaking News

ചീമേനി ഫയർസ്റ്റേഷൻ ഉടൻ ഫയർസ്റ്റേഷന് ആവശ്യമായ തസ്തികകൾ സൃഷ്ടിച്ച് ആരംഭിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി എം രാജഗോപാലൻ എംഎൽഎ


ചെറുവത്തൂർ : ചീമേനിയിൽ ഫയർ സ്റ്റേഷൻ ഉടൻ വരും. ഫയർസ്റ്റേഷന് ആവശ്യമായ തസ്തികകൾ സൃഷ്ടിച്ച് ആരംഭിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി എം രാജഗോപാലൻ എംഎൽഎ അറിയിച്ചു.2024--25 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി 3 കോടി രൂപ അനുവദിച്ച പദ്ധതിയുടെ ഡിപിആർ പിഡബ്ല്യുഡി കെട്ടിട വിഭാഗം മുഖേന തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചതിനെ തുടർന്ന് ഇതിനോടകം ഭരണാനുമതി ലഭിച്ചിരുന്നു.എന്നാൽ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിർമിക്കാൻ ആവശ്യമായ സമയമെടുക്കും എന്നതിനാൽ എംഎൽഎ മുൻകൈയെടുത്ത് കയ്യൂർ സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ താൽക്കാലികമായി സ്റ്റേഷൻ ആരംഭിക്കാൻ ബാങ്കിന്റെ പഴയകെട്ടിടം വിട്ടുകൊടുക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ് മുഖേന ആവശ്യമായ തസ്തിക അനുവദിക്കുന്നതിന് സർക്കാരിലേക്ക് ശുപാർശ നൽകി. എംഎൽഎ മുഖ്യമന്ത്രിയോട് ഈ ആവശ്യം ഉന്നയിച്ചതിൻറ അടിസ്ഥാനത്തിലാണ് ഫയർസ്റ്റേഷൻ ആരംഭിക്കാൻ മന്ത്രിസഭ തീരുമാനമായത്.മലയോര മേഖലയ്ക്ക് ഏറെ പ്രയോജനപ്പെടുന്ന

ദീർഘകാലത്തെ ആവശ്യവുമാണ് ഇതോടെ സാക്ഷാത്കരിക്കുന്നത്. ചീമേനി ടൗണിന് സമീപം പ്ലാന്റേഷൻ കോർപ്പറേഷന്റെ കെയിൽനിന്നും മൂന്നേക്കർ ഭൂമി നേരത്തെ സ്റ്റേഷൻ നിർമിക്കുന്നതിന് ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന് അനുവദിച്ചിരുന്നു.2024--25 വർഷത്തെ സംസ്ഥാന ബജറ്റിൽ

ഉൾപ്പെടുത്തുന്നതിന് തൃക്കരിപ്പൂർ മണ്ഡലത്തിൽനിന്ന് മുൻഗണന നിശ്ചയിച്ച് നൽകിയ പദ്ധതി നിർദേശങ്ങളിൽ ചീമേനി ഫയർ സ്റ്റേഷൻകൂടി നൽകിയതിനെ തുടർന്നാണ് ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഫയർസ്റ്റേഷൻ അനുവദിച്ചത്.560 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടമാണ് സ്റ്റേഷന് വേണ്ടി നിർമിക്കുക. 5 ഫയർ എൻജിനുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാവുന്ന ഗ്യാരേജ്, മെക്കാനിക്ക് റൂം, വിമൻസ് റസ്റ്റ് റൂം, സ്റ്റെയർ റൂം, ഓഫീസ് റൂം, ടോയ്ലറ്റ് ബ്ലോക്ക് എന്നിവ ഗ്രൗണ്ട് ഫ്ലോറിലും, ഫസ്റ്റ് ഫ്ലോറിൽ സ്റ്റെയർ റൂമും ഉൾപ്പെടെയുള്ള കെട്ടിടവുമാണ് നിർമിക്കുക.ചീമേനി കുന്നുംകൈ റോഡിൽനിന്നും ഫയർ സ്റ്റേഷനിലേക്ക് 5 മീറ്റർ വീതിയിൽ 50 മീറ്റർ നീളത്തിൽ ടാറിങ് റോഡും ഓഫീസിനും അനുബന്ധ പ്രദേശങ്ങൾക്കും ഇന്റർലോക്കും, വാട്ടർ സബ് ടാങ്കും നിർമിക്കും. ഫയർസ്റ്റേഷന്റെ വൈദ്യുതീകരണത്തിന് 20 ലക്ഷം രൂപയും, ഇലക്ട്രോണിക്സ്

പ്രവൃത്തികൾചെയ്യുന്നതിന് 6 ലക്ഷം രൂപയും, ഫയർ ഫൈറ്റിങ് വർക്കുകൾക്ക് 1 ലക്ഷം രൂപയും ഉൾപ്പെടെയാണ് 3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതെന്ന് എംഎൽഎ അറിയിച്ചു.

No comments