അഭിമാനനേട്ടം ; തൊഴിൽ ശ്രേഷ്ഠ പുരസ്ക്കാരങ്ങളിൽ മൂന്നെണ്ണം കാസർകോടിന്. മേരിമെൽഡ(പാചകം), ഷിബു എ (കള്ളുചെത്ത്), ബബിത ബേബി (ബാർബർ/ ബ്യൂട്ടീഷൻ) എന്നിവരാണ് പുരസ്ക്കാരത്തിന് അർഹരായത്
കാസർകോട്: സംസ്ഥാനത്തെ 20 വ്യത്യസ്ത തൊഴിൽ മേഖലകളിലെ മികച്ച തൊഴിലാളികൾക്കുള്ള 2024 വർഷത്തെ തൊഴിൽ ശ്രേഷ്ഠ പുരസ്ക്കാരങ്ങളിൽ മൂന്നെണ്ണം കാസർകോടിന്. മേരിമെൽഡ(പാചകം), ഷിബു എ (കള്ളുചെത്ത്), ബബിത ബേബി (ബാർബർ/ ബ്യൂട്ടീഷൻ) എന്നിവരാണ് പുരസ്ക്കാരത്തിന് അർഹരായത്. ഒരു ലക്ഷം രൂപയും പ്രശസ്തി പ്രതവും അടങ്ങുന്ന അവാർഡ് 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വച്ച് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സമ്മാനിക്കും.
ചെറുവത്തൂർ, മടക്കരയിലെ റസ്റ്റോറന്റിലെ പാചക തൊഴിലാളിയാണ് മേരി മെൽഡ. ബികോം ബിരുദധാരിയായ മേരി മെൽഡ നെല്ലിക്കാലിലാണ് താമസം. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അമൽ ദയാൽ മകനാണ്. മികച്ച കള്ളുചെത്തുകാരനുള്ള പുരസ്ക്കാരത്തിനു തെരഞ്ഞെടുക്കപ്പെട്ട എ ഷിബു 17 വർഷമായി ഈ രംഗത്തുണ്ട്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി എല്ലാദിവസവും മൂന്നു നേരം കൃത്യമായി കള്ളുചെത്തു ജോലി ചെയ്യുന്നു. അച്ഛൻ: അപ്പുണ്ണി. മാതാവ്: ലക്ഷ്മി. ഭാര്യ: ചിക്കുമോൾ. മക്കളായ അഭിദേവ്, അയാൻദേവ്, ആയുഷ് ദേവ് എന്നിവർക്കൊപ്പം പൊയ്നാച്ചിയിലാണ് താമസം.
കാഞ്ഞങ്ങാട്ടെ ബ്യൂട്ടി പാർലറിലെ ജീവനക്കാരിയാണ് ബബിത ബേബി. കാഞ്ഞങ്ങാട്ട് റസ്റ്റോറന്റ് നടത്തിവരുന്ന ഭർത്താവ് മാത്യു, ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന മകൾ അലൈക്ക, ഒൻപതാംതരം വിദ്യാർത്ഥി ആഷിഖ് എന്നിവർക്കൊപ്പം കാഞ്ഞങ്ങാട്ടാണ് താമസം
No comments