ബദിയഡുക്ക പിലാങ്കട്ടയിൽ യുവാവിനെ വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ പിലാങ്കട്ടയിൽ യുവാവിനെ വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉബംകളയിലെ പരേതരായ രഘുരാമ-രാധ ദമ്പതികളുടെ മകൻ ചന്ദ്രശേഖര (30)യാണ് മരിച്ചത്.
ബദിയഡുക്കയിൽ വെൽഡിംഗ് ജോലി ചെയ്യുന്ന സഹോദരൻ ചന്ദ്രകാന്തയും ചന്ദ്രശേഖരയും മാത്രമാണ് വീട്ടിൽ താമസം. ചന്ദ്രകാന്ത ജോലി കഴിഞ്ഞ് വ്യാഴാഴ്ച രാത്രി ഏഴര മണിയോടെ വീട്ടിൽ എത്തിയപ്പോഴാണ് സഹോദരനെ അടുക്കളയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ടൈൽസ് ജോലിക്കാരനാണ് ചന്ദ്രശേഖര. വ്യാഴാഴ്ച മധൂരിൽ നടന്ന ഒരു കല്യാണപരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയതായിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മറ്റു സഹോദരങ്ങൾ: രാധിക, ചന്ദ്രിക, രേണുക, ചന്ദ്രകല, ചന്ദ്രപ്രഭ, ചന്ദ്രഹാസ
No comments