വയോജന-ശിശു-ഭിന്നശേഷി ക്ഷേമത്തിന് ഊന്നൽ; കള്ളാർ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
ക്ഷേമ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. വയോജനങ്ങൾക്കായി അമൃതകിരണം പാലിയേറ്റീവ് പദ്ധതിയും സംഗമങ്ങളും ഒരുക്കും. അംഗനവാടി കുട്ടികൾക്ക് പോഷകാഹാരം, ഭിന്നശേഷി കുട്ടികൾക്ക് സ്കോളർഷിപ്പ്, സ്കൂളുകളിൽ ചിൽഡ്രൻസ് പാർക്കുകൾ, കായിക പരിശീലനം എന്നിവയും ബജറ്റിൽ വിഭാവനം ചെയ്യുന്നു. കാർഷിക മേഖലയുടെ വികസനത്തിനായി 46,42,000 രൂപയും മൃഗസംരക്ഷണ മേഖലയ്ക്കായി 32,50,000 രൂപയും വകയിരുത്തി. കർഷകർക്ക് ആശ്വാസമായി സബ്‌സിഡി നിരക്കിൽ കന്നുകാലി ഇൻഷുറൻസിനായി രണ്ട് ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്.
ഭവനരഹിതർക്കായി ലൈഫ് മിഷൻ വഴി 1.08 കോടി രൂപയും ഭവനം പദ്ധതിക്കായി 32.5 ലക്ഷം രൂപയും നീക്കിവെച്ചു [5]. ആരോഗ്യ മേഖലയ്ക്ക് 19.5 ലക്ഷം രൂപയും ശുചിത്വ പദ്ധതികൾക്കായി 18 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഹരിത കർമസേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. റോഡുകൾ ഉൾപ്പെടെയുള്ള പശ്ചാത്തല വികസനത്തിന് 3.47 കോടി രൂപയും പൂടംകല്ല് മിനി സ്റ്റേഡിയം നിർമ്മാണത്തിന് എട്ടു ലക്ഷം രൂപയും അനുവദിച്ചു. റോഡിതര ആസ്തികളുടെ പരിപാലനത്തിനായി 64.26 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ 7.36 കോടി രൂപയുടെ പ്രവൃത്തികൾ ഏറ്റെടുക്കാനും ബജറ്റ് ലക്ഷ്യമിടുന്നു.
പഞ്ചായത്ത് പ്രസിഡന്റ് രജിത കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത പി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എൽ റോയി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീവിദ്യ, പഞ്ചായത്ത് അംഗം മിനി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ബജറ്റ് ആദ്യമായി ഇംഗ്ലീഷിൽ അച്ചടിച്ചതിനെ മിനി ഫിലിപ്പ് വിമർശിച്ചു. കൂടാതെ വന്യമൃഗശല്യം തടയാൻ ബജറ്റിൽ നടപടികളില്ലെന്നും അവർ കുറ്റപ്പെടുത്തി. പഞ്ചായത്ത് സെക്രട്ടറി പ്രേമ.എ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എ.രവീന്ദ്രൻ നന്ദിയും പറഞ്ഞു.
No comments