Breaking News

'ജമാഅത്തെ ഇസ്‌ലാമിക്ക് മതരാഷ്ട്ര വാദം ഇല്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്തുണ പ്രഖ്യാപിച്ചാൽ സ്വീകരിക്കും'




കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി പിന്തുണ വാഗ്ദാനം ചെയ്താൽ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജമാഅത്തെ ഇസ്‌ലാമിക്ക് മതരാഷ്ട്ര വാദമില്ലെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അവരുടെ നിലപാടില്‍ വ്യക്തതയുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിക്ക് മതരാഷ്ട്ര വാദ നിലപാടുള്ളപ്പോള്‍ ഇടതുപക്ഷത്തിനൊപ്പമായിരുന്നുവെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. സിപിഐഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമികള്‍ മതേതരവാദികളും സിപിഐഎം വിട്ടാല്‍ വര്‍ഗീയവാദികളുമാകുമെന്ന സിപിഐഎമ്മിന്റെ നിലപാടിനോട് യോജിക്കാനാവില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. പുതുയുഗ യാത്രയ്ക്ക് മുന്‍പ് മാധ്യമങ്ങളെ കാണവെയായിരുന്നു വി ഡി സതീശന്റെ പ്രതികരണം.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഉയർത്തിയ വിമർശനത്തിലും സതീശൻ പ്രതികരിച്ചു.

എന്‍എസ്എസ്- എസ്എന്‍ഡിപി വിമര്‍ശനം വ്യക്തിപരമാണെന്നായിരുന്നു സതീശൻ്റെ പ്രതികരണം. തന്നെ ഇഷ്ടമല്ലാത്തതുകൊണ്ടാണ് അവര്‍ വിമര്‍ശിക്കുന്നത്. അതിനെ യുഡിഎഫിനെതിരായ വിമര്‍ശനമായി കാണേണ്ടതില്ല. വിമര്‍ശനങ്ങളില്‍ ബോധ്യപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.


സ്വര്‍ണക്കൊള്ള കേസില്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഫോട്ടോയുടെ പേരിലാണെങ്കില്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യട്ടെ. സിപിഐഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കേസില്‍ ഒരു പ്രാഥമിക കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ള തെളിവില്ലാതെ അവസാനിക്കുമെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാണിച്ചു. പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെന്ന് വി ഡി സതീശന്‍. യുഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ച പോലും പൂര്‍ത്തിയായിട്ടില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.



സാമ്പത്തികമായി കേരളം തകര്‍ന്ന് തരിപ്പണമായി. ഈ പോക്ക് പോയാല്‍ കേരളം അഞ്ച് വര്‍ഷം കൊണ്ട് വൃദ്ധസദനമായി മാറും. ഭാവി കേരളത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ജാഥയില്‍ ചര്‍ച്ച ചെയ്യാം. യുഡിഎഫിന് ബദല്‍ പദ്ധതികളുണ്ട്. ഭാവി കേരളത്തിനായുള്ള സ്വപ്‌ന പദ്ധതികള്‍ ജാഥയില്‍ പ്രഖ്യാപിക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു.

No comments