Breaking News

ഓവുചാലിൽ വീണ് പരിക്കേറ്റ കുറുനരിക്കുഞ്ഞിനെ രക്ഷിച്ച് നാട്ടുകാർ


പുല്ലൂർ : നിർമാണം നടക്കുന്ന ഓവുചാലിൽ വീണ് പരിക്കേറ്റ കുറുനരികുഞ്ഞിന് രക്ഷകരായി നാട്ടുകാർ. ഉദയനഗർ -കൊടവലം റോഡരികിലായി കോൺക്രീറ്റ് ചെയ്യുന്ന ഓവുചാലിൽ വീണുകിടന്ന കുറുനരിക്കുഞ്ഞിനെയാണ് പരിസരവാസികളും തൊഴിലാളികളും ചേർന്ന് രക്ഷിച്ചത്. കോൺക്രീറ്റ് ചെയ്ത ഓവുചാൽ ബുധനാഴ്ച രാവിലെ നനയ്ക്കാനെത്തിയ സമീപവാസി വി. ചന്തുക്കുട്ടിയാണ് കുറുനരിക്കുഞ്ഞിനെ ആദ്യമായി കണ്ടത്. ഒാവുചാൽ കരാർ തൊഴിലാളി ടി.വി. പുരുഷോത്തമൻ ഇതിനെ പുറത്തെടുത്തു. രാവിലെ ഓവുചാൽ നിർമാണത്തിനെത്തിയ തൊഴിലാളികൾ പട്ടിക്കൂട്ടം ആക്രമിക്കാതെ സംരക്ഷിച്ചുനിർത്തി വനം വകുപ്പിന് വിവരം നൽകി.

തുടർന്ന് വനം വകുപ്പിന്റെ സർപ വൊളന്റിയർ കെ.വി. വിജേഷ് കുമാർ കുറുനരിക്കുഞ്ഞിനെ ഏറ്റെടുത്ത് ചെമ്മട്ടംവയലിലെ കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസിലേക്ക് മാറ്റി. മതിയായ ചികിത്സ നൽകി ആരോഗ്യം വീണ്ടെടുത്ത ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ പറഞ്ഞു.

No comments