Breaking News

പറശ്ശിനിക്കടവിലെ ലോഡ്ജ് മുറിയില്‍യുവതിയെ കൊല്ലപ്പെട്ട നിലയിലും കൂടെ ഉണ്ടായിരുന്ന ആളെ മാട്ടൂലില്‍ തെങ്ങില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.


പയ്യന്നൂര്‍: പറശ്ശിനിക്കടവിലെ ലോഡ്ജ് മുറിയില്‍യുവതിയെ കൊല്ലപ്പെട്ട നിലയിലും കൂടെ ഉണ്ടായിരുന്ന ആളെ മാട്ടൂലില്‍ തെങ്ങില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.ചെറുകുന്ന് അയ്യോത്ത് കൊവ്വുമ്മല്‍ ഹൗസിലെ പരേതനായ കെ.സുരേഷിന്റെ ഭാര്യ കെ.സീമ (45)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൂടെ മുറിയെടുത്ത അയ്യോത്ത്, കടേല്‍പറമ്പില്‍ ഹൗസില്‍ വിജയനാണ് മാട്ടൂലില്‍തെങ്ങില്‍ തൂങ്ങിമരിച്ചത്. കൊലപാതകത്തിനു ശേഷം പുറത്തു നിന്ന് മുറി പൂട്ടി ഇയാള്‍ സ്ഥലം വിടുകയായിരുന്നു.
പറശ്ശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയിലാണ് കൊലപാതകം നടന്നത്. ഇന്നലെ ഉച്ചക്ക് 12.50 മണിക്കാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. വൈകുന്നേരം 6.30 മണി വരെയായിരുന്നു മുറി അനുവദിച്ചിരുന്നത്. നിശ്ചിത സമയത്തിന് മുമ്പ് ലോഡ്ജിലെ റിസപ്ഷനില്‍ എത്തിയ വിജയന്‍ മടപ്പുര വരെ പോകുന്നുവെന്നും ഉടന്‍ തിരിച്ചെത്താമെന്നും അറിയിച്ചാണ് പുറത്തു പോയതെന്ന് ലോഡ്ജ് ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കി. എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും വിജയന്‍ തിരിച്ചെത്തിയില്ല. ലോഡ്ജ് ജീവനക്കാര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫാണെന്ന മറുപടിയാണ് ലഭിച്ചത്. സംശയം തോന്നിയ ജീവനക്കാര്‍ മുറിയുടെ മുന്നില്‍ എത്തിയപ്പോള്‍ പുറത്തു നിന്ന് പൂട്ടിയ നിലയില്‍ കാണപ്പെട്ടു. തുടര്‍ന്ന് തളിപ്പറമ്പ് പോലീസിനെ വിവരം അറിയിച്ചു. എസ്‌ഐ കെ.ദിനേശിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി. മുറി തുറന്നപ്പോഴാണ് സീമയെ കട്ടിലില്‍ മരിച്ചു കിടക്കുന്നതായി കണ്ടത്. കഴുത്തില്‍ മുറിവുള്ളതായും കണ്ടെത്തി. ഇതോടെയാണ് കൊലപാതകമാണെന്ന് ഉറപ്പിച്ചത്.

No comments