Breaking News

പനത്തടി ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾ ഫെബ്രുവരി 7 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും


പനത്തടി: പനത്തടി ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആക്ഷൻ പ്ലാൻ അംഗീകരിക്കുന്നതിന്റെയും ഭാഗമായുള്ള ഗ്രാമസഭകൾ ഫെബ്രുവരി 7 മുതൽ 11 വരെ വിവിധ വാർഡുകളിലായി നടക്കും. ഗ്രാമത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി അതത് വാർഡുകളിലെ മുഴുവൻ ഗ്രാമസഭാ അംഗങ്ങളും നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു .


ഫെബ്രുവരി 7-ന് ഉച്ചയ്ക്ക് 2 മണിക്ക് ബളാന്തോട് മിൽമ ഹാളിൽ വെച്ച് നടക്കുന്ന 11-ാം വാർഡിലെ ഗ്രാമസഭയോടെയാണ് യോഗങ്ങൾക്ക് തുടക്കമാകുന്നത് . ഫെബ്രുവരി 8-ന് രാവിലെ 10 മണിക്ക് പ്രാന്തർകാവ് ജി.യു.പി.എസിൽ (വാർഡ് 16) യോഗം നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് ചാമുണ്ടിക്കുന്ന് ജി.എച്ച്.എസ്.എസ് (വാർഡ് 4), പനത്തടി ഗ്രാമപഞ്ചായത്ത് ഹാൾ (വാർഡ് 6) എന്നിവിടങ്ങളിലും, ഉച്ചയ്ക്ക് 2.30-ന് കല്ലപ്പള്ളി ജി.എൽ.പി.എസിലും (വാർഡ് 7) ഗ്രാമസഭകൾ ചേരും .


ഫെബ്രുവരി 9-ന് രാവിലെ 10 മണിക്ക് പനത്തടി ഗ്രാമപഞ്ചായത്ത് ഹാൾ (വാർഡ് 8), കുണ്ടുപ്പള്ളി കമ്മ്യൂണിറ്റി ഹാൾ (വാർഡ് 9), പനത്തടി ബാങ്ക് ഹാൾ (വാർഡ് 14) എന്നിവിടങ്ങളിലും ഉച്ചയ്ക്ക് 2 മണിക്ക് പനത്തടി ബാങ്ക് ഹാളിൽ (വാർഡ് 13) വെച്ചും ഗ്രാമസഭകൾ നടക്കും. ഫെബ്രുവരി 10-ന് രാവിലെ 10 മണിക്ക് പാണത്തൂർ സെന്റ് മേരീസ് ചർച്ചിലും (വാർഡ് 5), 10.30-ന് പാടി എൻ.എസ്.എസ്. കരയോഗ മന്ദിരത്തിലും (വാർഡ് 1) ഗ്രാമസഭകൾ നിശ്ചയിച്ചിട്ടുണ്ട്. അന്ന് ഉച്ചയ്ക്ക് 2 മണിക്ക് പാണത്തൂർ സെന്റ് മേരീസ് ചർച്ച് (വാർഡ് 10), ബളാന്തോട് മിൽമ ഹാൾ (വാർഡ് 12) എന്നിവിടങ്ങളിലും യോഗങ്ങൾ നടക്കും.


അവസാന ദിവസമായ ഫെബ്രുവരി 11-ന് രാവിലെ 10 മണിക്ക് കോളിച്ചാൽ സെന്റ് ജോസഫ് ചർച്ച് ഹാളിലും (വാർഡ് 17), 10.30-ന് ചാമുണ്ടിക്കുന്ന് ജി.എച്ച്.എസ്.എസിലും (വാർഡ് 3) യോഗങ്ങൾ നടക്കും . ഉച്ചയ്ക്ക് 2 മണിക്ക് പുലിക്കടവ് റെഡ്സ്റ്റാർ ക്ലബ് (വാർഡ് 2), കോളിച്ചാൽ സെന്റ് ജോസഫ് ചർച്ച് ഹാൾ (വാർഡ് 15) എന്നിവിടങ്ങളിലെ ഗ്രാമസഭകളോടെ ഈ ഘട്ടം പൂർത്തിയാകും. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനും എം.ജി.എൻ.ആർ.ഇ.ജി.എ. ആക്ഷൻ പ്ലാനിന് രൂപം നൽകാനുമാണ് ഈ യോഗങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്.


No comments