മഞ്ഞടുക്കം ശ്രീ തുളൂർവനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോൽസവം ; ഊട്ടുപുരയിലും കലവറയിലും കർമ്മനിരതരായി സേവാഭാരതി പ്രവർത്തകർ
പാണത്തൂർ - മഞ്ഞടുക്കം ശ്രീ തുളൂർവനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോൽസവത്തിൽ എത്തുന്ന ഭക്തർക്ക് ഭക്ഷണം തയ്യാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും വ്യാപൃതരാണ് പനത്തടി സേവാഭാരതി പ്രവർത്തകർ. അഞ്ചാം കളിയാട്ടം മുതൽ എട്ടാം കളിയാട്ടം വരെ വനിതകളും പുരുഷൻമാരും ഉൾപ്പെടെ മൂന്നുറോളം വരുന്ന സേവാഭാരതി പ്രവർത്തകർ 24 മണിക്കൂറും അടുക്കളയിലുണ്ട്. തുടർച്ചയായ അഞ്ചാം വർഷമാണ് സേവാഭാരതി പ്രവർത്തകർ സേവനത്തിനെത്തുന്നത്. ക്ഷേത്രത്തിൽ ഭക്തർക്ക് ഭക്ഷണം തയ്യാറാക്കുന്ന അടുക്കളയിൽ അഞ്ചാം കളിയാട്ടം മുതലാണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നത്. ആറ് വർഷമായി ഭക്ഷണം തയ്യാറാക്കുന്നത് പെരുതടി രാമചന്ദ്ര വാര്യരുടെ നേതൃത്വത്തിലാണ്. ഭക്ഷണം തയ്യാറാക്കുന്നതിനും, കറികൾക്കാവശ്യമായ പച്ചക്കറി മുറിക്കുന്നതും, ഭക്ഷണം വിളമ്പുന്നതും, പാത്രങ്ങൾ കഴുകുന്നതും മറ്റും സേവാഭാരതി പ്രവർത്തകരാണ്. ഇതിന് വേണ്ടി ഓരോ ദിവസവും പ്രവർത്തകരെ നേരത്തേ തന്നെ തീരുമാനിച്ച് എത്തിക്കുകയാണ് പതിവ്. കൂടാതെ കള്ളാർ, കുറ്റിക്കോൽ പഞ്ചായത്തുകളിലെ സേവാഭാരതി പ്രവർത്തകരും സേവനത്തിനായി എത്താറുണ്ട്. കളിയാട്ടം ദിവസങ്ങളിൽ ഏകദേശം ഒരു ലക്ഷത്തോളം ആളുകൾ ഭക്ഷണം കഴിക്കുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്. സേവാഭാരതി ജില്ലാ സെക്രട്ടറി കൃഷ്ണൻകുട്ടി കെ.എൻ, പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് പ്രദീപ് കുമാർ കെ.സി, സെക്രട്ടറി ശ്യം കുമാർ എൻ.എസ്, ദിലീപ് എൻ.ആർ, കെ സുരേഷ്, ജി രാമചന്ദ്രൻ, ജ്യോതി ബി, രമാദേവി, ശ്രീജ വി, പനത്തടി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.കെ വേണുഗോപാൽ, എം ഷിബു, ഭവ്യ പി.എസ്, എന്നിവർ നേതൃത്വം നൽകി കൂടെയുണ്ട്.
No comments