മംഗൽപാടി, അടുക്കയിൽ നിർത്തിയിട്ട മീൻ ലോറി മോഷ്ടിച്ച് കടത്തിയ കേസിലെ പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിൽ
കാസർകോട്: മംഗൽപാടി, അടുക്കയിൽ നിർത്തിയിട്ട മീൻ ലോറി മോഷ്ടിച്ച് കടത്തിയ കേസിലെ പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിൽ. മോഷണം പോയ ലോറിയും കണ്ടെത്തി. കൊടിയമ്മ, ഇച്ചിലംപാടിയിലെ മുളിയടുക്ക ഹൗസിലെ എ പി അബ്ദുള്ള(32), എടനാട്ടെ മുഹമ്മദ് റിസ്വാൻ (27) എന്നിവരെയാണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ ബൈജു കെ ജോസ്, എസ് ഐ സനിത് എന്നിവർ അറസ്റ്റു ചെയ്തത്. അടുക്കയിലെ സെഡ്. എം .എസ് ഫിഷ് സർവ്വീസ് ഓഫീസിനു സമീപത്തു നിർത്തിയിട്ടിരുന്ന ലോറി ശനിയാഴ്ച രാത്രി 11.30 മണിക്കും ഞായറാഴ്ച രാവിലെ എട്ടുമണിക്കും ഇടയിലുള്ള സമയത്താണ് മോഷണം പോയതെന്നു പറയുന്നു. ജി പി എസ് സംവിധാനം തകർത്താണ് മോഷ്ടാക്കൾ ലോറിയുമായി കടന്നു കളഞ്ഞതെന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എടനാട് റോഡരുകിൽ നിർത്തിയിട്ട നിലയിലാണ് ലോറി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
No comments