കെ. സുധാകരനെതിരെ ഒളിയമ്പുമായി രാജ്മോഹൻ ഉണ്ണിത്താൻ, 'മലവെള്ളപ്പാച്ചിലിൽ ഈട്ടിത്തടിയായാലും തേക്കായാലും ഒലിച്ചുപോകും'
കാസർകോട് : സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പോര് മുറുകുന്നു. കണ്ണൂരിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കെ. സുധാകരനെതിരെ ഒളിയമ്പുമായി കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി. മലവെള്ളപ്പാച്ചിലിൽ ഈട്ടിത്തടിയായാലും തേക്കായാലും ഒലിച്ചുപോകുമെന്നായിരുന്നു ഉണ്ണിത്താന്റെ 'ഒളിയമ്പ്'. സിറ്റിംഗ് എംപിമാർ വീണ്ടും നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഉണ്ണിത്താൻ വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തമാണ് എംപിമാർക്കുള്ളത്. സൗന്ദര്യമോ പാരമ്പര്യമോ നോക്കിയല്ല സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്. സീറ്റ് ആവശ്യപ്പെടാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും പാർട്ടി തീരുമാനമാണ് അന്തിമമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കെ. സുധാകരന്റെ സ്ഥാനാർത്ഥിത്വ പ്രഖ്യാപനം പാർട്ടിയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കെയാണ് ഉണ്ണിത്താന്റെ ഈ പരസ്യ പ്രതികരണം.
No comments