അനധികൃതമായി പൂഴി കടത്തിയ ടിപ്പർ ലോറി ഡ്രൈവറെയും ലോറി ഉടമയെയും കുമ്പള പോലീസ് അറസ്റ്റു ചെയ്തു
കാസർകോട് : അനധികൃതമായി പൂഴി കടത്തിയ ടിപ്പർ ലോറി ഡ്രൈവറെയും ലോറി ഉടമയെയും കുമ്പള പോലീസ് അറസ്റ്റു ചെയ്തു.
പൂഴി കടത്തുന്നതിന് പറമ്പിലൂടെ റോഡ് ഉണ്ടാക്കിക്കൊടുത്ത ആളെ പിടികൂടുന്നതിന് പോലീസ് അന്വേഷണമാരംഭിച്ചു. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ പുഴയോരങ്ങളിൽ അനധി കൃത മണൽ കടത്ത് അതിരൂക്ഷമാവുന്നതിനിടയിലാണ് പോലീസ് നടപടി. കുമ്പള ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെ നിർദ്ദേശമനുസരിച്ചു എസ് ഐ മാരായ കെ സനിത്, അനന്തകൃഷ്ണൻ ആർ മേനോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. മണൽ കടത്തുകയായിരുന്ന ടിപ്പർ ലോറി കസ്റ്റഡിയിലെടുത്തു. ടിപ്പർ ഡ്രൈവർ ചേപ്പിനടുക്ക മദീന മൻസിലിലെ മൊയ്തീൻ കുഞ്ഞി (32), ടിപ്പർ ഉടമ ഷിറിയ ഒളയത്തെ കബീർ (44)എന്നിവരാണ് അറസ്റ്റിലായത്. മൊയ്തീൻ കുഞ്ഞിയെ കോടതി രണ്ടാഴ്ചത്തേക്കു റിമാന്റു ചെയ്തു. സർക്കാർ മുതൽ മോഷണക്കേസാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. പുത്തിഗെ പുഴയിലെ പാച്ചാണിയിൽ നിന്നു ടിപ്പറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്ന പുഴമണലാണ് പോലീസ് പിടികൂടിയത്. പുഴമണലുമായി ടിപ്പർ അതിവേഗതയിൽ ഓടിച്ചു പോവുകയാ യിരുന്ന മൊയ്തീൻ കുഞ്ഞിയെ പുത്തിഗെയിൽ വെച്ചാണ് പോലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് ടിപ്പർ ഉടമയെയും കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇയാളെ ഇന്ന് കോടതി യിൽ ഹാജരാക്കും.
No comments