ശുചീകരണത്തിൽ പങ്കാളികളായ കുട്ടികൾക്ക് ക്രിക്കറ്റ് കിറ്റ് നൽകി പനത്തടി പഞ്ചായത്തിലെ വാർഡ് മെമ്പർ
പാണത്തൂർ: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ ആവേശത്തോടെ പങ്കെടുത്ത കൊച്ചു കൂട്ടുകാർക്ക് ക്രിക്കറ്റ് കിറ്റ് നൽകി വാർഡ് മെമ്പർ. പനത്തടി പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനും ഒമ്പതാം വാർഡ് മെമ്പറുമായ കെ.ജെ. ജെയിംസാണ് കുട്ടികൾക്ക് ക്രിക്കറ്റ് ബാറ്റും ബോൾ അടക്കമുള്ള കളിസാധനങ്ങൾ വാങ്ങി നൽകിയത്.
കഴിഞ്ഞദിവസം പാണത്തൂർ ടൗണിൽ നടന്ന ശുചീകരണ പരിപാടിയിൽ ഒമ്പതാം വാർഡിലെ കുണ്ടുപ്പള്ളിയിലെ സുനീഷിൻ്റെ നേതൃത്വത്തിൽ ഏഴോളം കുട്ടികൾ സജീവമായി പങ്കുചേർന്നിരുന്നു. കുട്ടികളുടെ ഈ സേവനത്തിന് പ്രതിഫലമായാണ് രണ്ട് ക്രിക്കറ്റ് ബാറ്റുകൾ, ഒരു സെറ്റ് സ്റ്റമ്പ്, രണ്ട് ബോളുകൾ എന്നിവ നൽകിയത്. ടൗണിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ മെമ്പർ കളിസാധനങ്ങൾ കൈമാറി.
പരിപാടിയിൽ പങ്കെടുത്ത മറ്റ് കുട്ടികൾക്കായി വന്ദേ ഭാരത് ട്രെയിൻ യാത്രയും ഉടൻ ഒരുക്കുമെന്ന് കെ.ജെ. ജെയിംസ് അറിയിച്ചു. നാടിൻ്റെ വികസനത്തിലും ശുചിത്വത്തിലും പങ്കാളികളാകുന്ന പുതുതലമുറയ്ക്ക് ഇത്തരം പ്രോത്സാഹനങ്ങൾ വലിയ ഊർജ്ജമാകുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.
No comments