Breaking News

റിപ്പർ ചന്ദ്രനു തൂക്കു കയർ ലഭിച്ച കേസിൽ ദൃക്സാക്ഷിയായിരുന്ന ആളെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി


കാസർകോട്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രനു തൂക്കു കയർ ലഭിച്ച കേസിൽ ദൃക്സാക്ഷിയായിരുന്ന ആളെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം, വാമഞ്ചൂർ, ചെക്ക് പോസ്റ്റ്, ശാസ്താക്ഷേത്രത്തിനു സമീപത്തെ ബാലചന്ദ്ര(53)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു ദിവസമായി ഫോൺ എടുക്കാത്തതിനെ തുടർന്ന് മംഗ്ളൂരുവിലുള്ള സഹോദരി ശശികല ബുധനാഴ്ച വൈകുന്നേരം വീട്ടിൽ എത്തിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. വീട് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. പൊലീസെത്തി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി. പരേതരായ നരസപ്പയ്യ ഹന്തെ -ഇന്ദിരാ ഹന്തെ ദമ്പതികളുടെ മകനായ ബാലചന്ദ്ര ക്ഷേത്ര പൂജാരിമാരുടെ സഹായി ആയി ജോലി ചെയ്തു വരികയായിരുന്നു. മറ്റൊരു സഹോദരി: ഭാരതി. 

റിപ്പർ ചന്ദ്രനെ തൂക്കിലേറ്റിയത് ബാലചന്ദ്രന്റെ മൊഴി പ്രകാരം


ഇപ്പോൾ മരണപ്പെട്ട ബാലചന്ദ്രന് 13 വയസ്സ് പ്രായമുള്ളപ്പോഴാണ് പിതാവ് നരസപ്പയ്യ ഹന്തയെയും ജോലിക്കാരനായ വിശ്വനാഥനെയും റിപ്പർ ചന്ദ്രൻ തലയ്ക്കടിച്ചു കൊന്നത്. മാതാവ് ഇന്ദിര ഹന്തയെ വധിക്കാനും ശ്രമം ഉണ്ടായിരുന്നു. തലക്കടിയേറ്റ ഇന്ദിര ഏറെക്കാലം അബോധാവസ്ഥയിലായിരുന്നു. പിന്നീട് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തി. വാർധക്യസഹജമായ അസുഖങ്ങൾ കാരണം പിന്നീട് മരണപ്പെട്ടു. 1985ൽ ആണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. വിട്ടു വരാന്തയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു വിശ്വനാഥൻ. ഇദ്ദേഹത്തെയാണ് ആദ്യം തലക്കടിച്ചുകൊന്നത്. പിന്നീട് വീട്ടിനു മുകളിൽ കയറി ഓടിളക്കിമാറ്റിയ ശേഷം അകത്തിറങ്ങി നരസപ്പയ്യ ഹന്തയെ തലയ്ക്കടിച്ചു കൊന്നു. ഭാര്യയെയും ആക്രമിച്ചു. ക്രൂരമായ കൊലപാതകത്തിന്റെ സാക്ഷിയായിരുന്നു ബാലചന്ദ്ര. അന്നദ്ദേഹത്തിനു 13വും സഹോദരിമാർക്ക് ആറും രണ്ടും വയസ്സായിരുന്നു. വാമഞ്ചൂർ ഇരട്ടക്കൊലപാതകമടക്കം 14 കൊലക്കേസുകളിലെ പ്രതിയായിരുന്നു റിപ്പർ ചന്ദ്രൻ. 13 കൊലക്കേസുകളിൽ ജീവപര്യന്തം തടവ് ശിക്ഷയാണ് വിവിധ കോടതികൾ വിധിച്ചത്. എന്നാൽ വാമഞ്ചൂർ കൊലക്കേസിൽ ബാലചന്ദ്ര നൽകിയ മൊഴി കണക്കിലെടുത്ത് മരണം വരെ തൂക്കു കയർ ആണ് കോടതി വിധിച്ചത്. വിധിക്കെതിരെ സുപ്രീംകോടതി വരെ പോയെങ്കിലും വധ ശിക്ഷ ശരിവച്ചു. പിന്നീട് രാഷ്ട്രപതി ദയാഹർജിയും തള്ളി. 1991 ജൂലായ് ആറിന് റിപ്പർ ചന്ദ്രനെ കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റി. അന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ ആരാച്ചാർ ഇല്ലാതിരുന്നതിനാൽ ജയിൽ സൂപ്രണ്ട് അരയാക്കണ്ടിപ്പാറ എൻ പി കരുണാകരൻ ആണ് വധശിക്ഷ നടപ്പാക്കിയത്.

No comments