Breaking News

മലയോരത്ത്‌ വരൾച്ച അതിരൂക്ഷം ചൈത്രവാഹിനിപ്പുഴയിലും ഒഴുക്ക് നിലച്ചു


ഭീമനടി : വേനൽ കടുത്തതോടെ ചൈത്രവാഹിനിപ്പുഴയും വറ്റി. മലയോരത്തെ പ്രധാന ജലസ്രോതസ്സാണ് കർണാടകയിൽനിന്ന് ഉത്ഭവിച്ച് ജില്ലയിലെ മലയോര പഞ്ചായത്തുകളായ ബളാൽ, വെസ്റ്റ് എളേരി എന്നിവയിലൂടെ ഒഴുകി കാര്യങ്കോട് പുഴയിൽ ലയിക്കുന്ന ചൈത്രവാഹിനിപ്പുഴ. ഏത് കടുത്ത വേനലിലും മലയോരത്തെ കുളിരണിയിച്ച് ഒഴുകിയിരുന്ന ചൈത്രവാഹിനിയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. ഒഴുക്ക് നിലക്കുക മാത്രമല്ല കരിമ്പിരിക്കയം, എരുമക്കയം, കാപ്പുംകുണ്ട് തുടങ്ങിയ മനുഷ്യർ ഇന്നുവരെ അടിത്തട്ട് കാണാൻ ധൈര്യപ്പെടാതിരുന്ന കയങ്ങൾവരെ വറ്റി. പുഴയരികിലെ സ്ഥലങ്ങളിൽ ഉള്ള കുളങ്ങളും കിണറുകളും വറ്റിവരണ്ടു. മലയോരം അടുത്തകാലത്തൊന്നും ഇത്രയേറെ വരൾച്ചനേരിട്ടിട്ടില്ല. കുടിവെള്ളത്തിന് പോലും ബുദ്ധിമുട്ടുന്ന ജനങ്ങൾ അലക്കാനും കുളിക്കാനും അതിലേറെ പാടുപെടുന്നു. കാർഷിക മേഖലയേയും വരൾച്ച വൻ പ്രതിസന്ധിയിലാക്കി. തെങ്ങ്, കവുങ്ങ് എന്നിവ കരിഞ്ഞുണങ്ങാൻ തുടങ്ങി. സാധാരണ ലഭിക്കാറുള്ള വേനൽമഴയും ലഭിക്കാത്തതിനാൽ ഈ മേഖലയുടെ നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമാകുന്നു. കൊടുംചൂട് കാരണം റബ്ബർ ടാപ്പിങ് നിർത്തി. നല്ല നിലയിൽ പൂവിട്ട കശുവണ്ടിയാകട്ടെ പൂക്കൾ കരിയുന്നതിനാൽ കർഷകരുടെ ആ പ്രതീക്ഷയും തകർന്നു. വരൾച്ചമൂലം പുല്ലിന് ക്ഷാമം ആയതോടെ ചെറുകിട ക്ഷീര കർഷകരും പ്രതിസന്ധിയിലായി. വരൾച്ച കടുത്തതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ ഉഴലുകയാണ് മലയോരജനത. ഇതിനിടെ പുഴകളിലും മറ്റും ഉള്ള ചെറിയ ജലാശയങ്ങളിൽ മോട്ടോർ വച്ച് ജലം ഊറ്റുന്നതായി നാട്ടുകാരുടെ പരാതിയിൽ പഞ്ചായത്ത് അധികൃതർ നടപടി തുടങ്ങിയിട്ടുണ്ട്.

No comments