കടുത്ത വരൾച്ച വെസ്റ്റ് എളേരി എരുമക്കയം ചെക്ക്ഡാമും വറ്റുന്നു ; മലയോരത്ത് കുടിവെള്ള വിതരണത്തേയും പ്രതിസന്ധിയിലാക്കുമെന്ന ഭീതിയിൽ ജനം
ഭീമനടി : കടുത്ത വരൾച്ച മലയോരത്ത് കുടിവെള്ള വിതരണത്തേയും പ്രതിസന്ധിയിലാക്കുമെന്ന ഭീതിയിൽ ജനം. വെസ്റ്റ് എളേരി കുടിവെള്ള പദ്ധതിയുടെ ജലലഭ്യത ഉറപ്പാക്കാൻ ചൈത്രവാഹിനി പുഴയിൽ എരുമക്കയത്ത് നിർമിച്ച ചെക്ക്ഡാമും വറ്റിത്തുടങ്ങിയതോടെയാണ് മലയോരത്ത് കുടിവെള്ള വിതരണം പ്രതിസന്ധിയിലാകുമോയെന്ന ഭയം തുടങ്ങിയത്. മലയോരത്ത് ഏറ്റവും സുഗമമായി കുടിവെള്ള വിതരണം നടക്കുന്ന പദ്ധതിയാണ് വാട്ടർ അതോറിറ്റിയുടെ വെസ്റ്റ് എളേരി കുടിവെള്ള പദ്ധതി. നിലവിൽ 5000 ഗാർഹിക കണക്ഷനും, 200 പൊതുടാപ്പുമുണ്ട്. 2011ലാണ് കുടിവെള്ള വിതരണം തുടങ്ങിയത്. എൽഡിഎഫ് സർക്കാർ നബാഡ് സഹകരണത്തോടെ 12കോടി രൂപ ചെലവിൽ നിർമിച്ച പദ്ധതി തുടക്കത്തിൽ പഞ്ചായത്ത് റോഡ് പോകുന്ന വെസ്റ്റ് ഏളേരിയിലെ സാധ്യമായ മുഴുവൻ പ്രദേശത്തും 39533 ആളുകൾക്ക് കുടിവെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം. ചൈത്രവാഹിനി പുഴയോരത്ത് എരുമക്കയത്ത് കിണറും പമ്പ് ഹൗസും സ്ഥാപിച്ച് മുച്ചൻകല്ലിൽ ജലശുദ്ധീകരണശാലയും 10 ലക്ഷം ലിറ്ററിന്റെ ടാങ്കും, എളേരിത്തട്ടിൽ അഞ്ച് ലക്ഷം ലിറ്ററിന്റെ ടാങ്കും നിർമിച്ചാണ് ജലവിതരണം. 60 എച്ച്പിയുടെ മൂന്ന് മോട്ടോറും ഇതിനായുണ്ട്. നിലവിൽ ദിവസം 18 മണിക്കൂർ പമ്പിങ് നടക്കുന്നു. 18 ലക്ഷം ലിറ്റർ വെള്ളം ദിവസവും വിതരണം നടക്കുന്നുണ്ട്. വേനൽ കൂടിയതിനാൽ ഉപയോഗം കൂടിയത് ഉയർന്ന പ്രദേശങ്ങളിലെ ഏതാണ്ട് 50 ഓളം ആളുകൾക്ക് വെള്ളം കൃത്യമായി ലഭിക്കുന്നില്ല എന്ന പരാതി ഉണ്ടെങ്കിലും നല്ലനിലയിൽ കുടിവെള്ള വിതരണം നടക്കുന്നു. ഉപഭോക്താക്കളുടെ എണ്ണം വർധിച്ചതോടെ ഒന്നിടവിട്ട ദിവസങ്ങളിൽ ലഭിച്ച വെള്ളം ആഴ്ചയിൽ ഒരുദിവസമായി കുറഞ്ഞു. എന്നാൽ വേനൽ കടുത്തതോടെ അതും നിലക്കുന്ന സ്ഥിതിയാണ്. എരുമക്കയം ചെക്ക്ഡാമിൽ നിലവിൽ 10 ദിവസംകൂടി ഉപയോഗിക്കാനുള്ള അളവിലേ വെള്ളമുള്ളൂ. 3.20മീറ്റർ ഉയരത്തിൽ ഉണ്ടായിരുന്ന വെള്ളം 75 സെന്റീമീറ്ററായി കുറഞ്ഞു. നല്ല മഴകിട്ടിയില്ലങ്കിൽ പമ്പിങ് നിലക്കും. ഉപഭോക്താക്കൾ ഇപ്പോഴെ മുൻകരുതൽ എടുത്തില്ലെങ്കിൽ കുടിവെള്ള ക്ഷാമം ഉണ്ടാകും എന്ന് വാട്ടർ അതോററ്റി അധികൃതരും പറയുന്നു. വെസ്റ്റ് എളേരിയ്ക്ക് പുറമെ ഈസ്റ്റ് ളേരി, ബളാൽ പഞ്ചായത്തിലേക്കും ഇപ്പോൾ കുടിവെള്ളം ഇവിടെനിന്ന് വിതരണം ചെയ്യുന്നു. ദിവസം 60000 ലിറ്റർ വെള്ളമാണ് ദിവസേന ഇവിടെനിന്ന് വിതരണം ചെയ്യുന്നത്.
No comments