Breaking News

കാസർകോട്ട് കുഴൽപ്പണ കടത്ത് രൂക്ഷമാകുന്നു ; കാസർകോട്ട് നിന്നും കുമ്പളയിൽ നിന്നുമായി 72.9 ലക്ഷം രൂപ രേഖകളില്ലാത്ത നിലയിൽ പൊലീസ് പിടിച്ചെടുത്തു


കാസർകോട്: കാസർകോട്ട് കുഴൽപ്പണ കടത്ത് രൂക്ഷമാകുന്നു. ഇന്ന് രണ്ടുതവണയായി കാസർകോട്ട് നിന്നും കുമ്പളയിൽ നിന്നുമായി 72.9 ലക്ഷം രൂപ രേഖകളില്ലാത്ത നിലയിൽ പൊലീസ് പിടിച്ചെടുത്തു. കുമ്പളയിൽ നിന്ന് 61.5 ലക്ഷം രൂപയും കാസർകോട് താലൂക്ക് ഓഫീസിന് സമീപത്തെ ട്രാഫിക് സർക്കിളിനടുത്തു വച്ച് 11.40 ലക്ഷം രൂപയുമാണ് പിടികൂടിയത്. കുമ്പളയിൽ കള്ളപ്പണം കടത്തുകയായിരുന്ന ഒരാളെ അറസ്റ്റു ചെയ്തു. കാസർകോട് തളങ്കരയിലെ മടന്നൂർ ഹൗസിൽ ഷബീർ ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡും കുമ്പള പൊലിസും ആരിക്കാടി ടോൾ ബൂത്തിനു സമീപത്തു നടത്തിയ വാഹന പരിശോധനയിലാണ് ഹവാലപണം പിടികൂടിയത്. കാറിന്റെ ഹാൻഡ്ബക്ക് ഭാഗത്ത് പ്രത്യേക അറ ഉണ്ടാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. മംഗ്ളൂരുവിൽ നിന്നു കാസർകോട് ഭാഗത്തേയ്ക്ക് വരികയായിരുന്നു കാർ. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് കാസർകോട് താലൂക്ക് ഓഫീസിന് സമീപത്ത് ട്രാഫിക് സർക്കിളിനു അടുത്ത് വച്ച് 11.40 ലക്ഷം രൂപ പിടികൂടിയത്. പണത്തിന്റെ രേഖകൾ ആവശ്യപ്പെട്ടെങ്കിലും കാർ യാത്രക്കാരനായ യുവാവിന് അത് നൽകാൻ കഴിഞ്ഞില്ലെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. പണം പിടികൂടിയതു സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

No comments