തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി മീഡിയാവൺ ചാനലിനെതിരെ നിയമ നടപടി വേണം: സിപിഐ എം കാസർകോട് മണ്ഡലംകമ്മിറ്റി
കാസർകോട് രാജ്യത്ത് വോട്ടിങ് കഴിയുംവരെ എക്സിറ്റ് പോളുകൾ നടത്തുന്നതോ പ്രസിദ്ധീകരിക്കുന്നതോ പ്രചരിപ്പിക്കുന്നതോ കർശനമായി നിരോധിച്ചിട്ടും ഇതിന് സമാനമായ രീതിയിൽ വാർത്ത നൽകിയ മീഡിയാവൺ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം കാസർകോട് മണ്ഡലംകമ്മിറ്റി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. ഏപ്രിൽ 15-നാണ് ഈ വാർത്ത മീഡിയവൺ സംപ്രേഷണം ചെയ്തത്. കാസർകോട് മണ്ഡലത്തിൽ സിപിഐ എം പരാജയം സമ്മതിച്ചുവെന്നും ബിജെപി വിജയിക്കുമെന്ന് സിപിഐ എം റിപ്പോർട്ട് നൽകിയെന്നുമാണ് ചാനൽ വാർത്ത. എൽഡിഎഫ് സ്ഥാനാർഥി രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും റിപ്പോർട്ടിലുള്ളതായാണ് ചാനലിന്റെ കണ്ടെത്തൽ. എന്നാൽ സിപിഐ എം ഒരു തലത്തിലും ഇത്തരം വിലയിരുത്തുകയോ ഡാറ്റ പുറത്തുവിടുകയോ ചെയ്തിട്ടില്ല. എൽഡിഎഫ് സ്ഥാനാർഥി 50,000 വോട്ടുകൾ നേടുമെന്ന് റിപ്പോർട്ട് നൽകിയതായാണ് വാർത്ത. ബിജെപിയാകട്ടെ ഇതിൽകൂടുതൽ നേടി വിജയിക്കുമെന്നും വാർത്തയിലുണ്ട്. വോട്ട് കൈമാറ്റം നടന്നതായും പറയുന്നു. സ്ഥാനാർഥികൾക്ക് ലഭിക്കുന്ന വോട്ടുകളെത്രയെന്ന് പ്രവചനം നടത്തുകയും റാങ്കിങ് വിലയിരുത്തിയുമുള്ള വാർത്ത പോൾ-പോസ്റ്റ് ഡാറ്റാ ശേഖരണത്തെ അടിസ്ഥാനമാക്കിയുള്ള ഒരു "എക്സിറ്റ് പോൾ' ആണെന്നിരിക്കെ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് ചാനൽ നടത്തിയതെന്ന് വ്യക്തമാണ്. മാധ്യമ സ്ഥാപനങ്ങൾ വസ്തുനിഷ്ഠമായ വിവരങ്ങൾ നൽകണമെന്നും സ്ഥിരീകരിക്കാത്ത ആരോപണങ്ങളോ കെട്ടിച്ചമച്ച ഡാറ്റയോ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണമെന്നും കമീഷൻ ഉത്തരവുണ്ട്. മീഡിയാവണ്ണിൽ സംപ്രേഷണം ചെയ്ത വാർത്ത നീക്കംചെയ്യണമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽനിന്ന് ആക്ഷേപിക്കപ്പെട്ട വാർത്താ റിപ്പോർട്ടിന്റെ എല്ലാ ഡിജിറ്റൽ ഫോർമാറ്റുകളും നീക്കണമെന്നും ചാനലിനോട് ആവശ്യപ്പെടണമെന്നും ചട്ടംലംഘിച്ച് വാർത്ത നൽകിയതിനാൽ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126 എ പ്രകാരം പ്രതിക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ ആരംഭിക്കണമെന്നും കമീഷന് നൽകിയ പരാതിയിൽ മണ്ഡലംസെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ ആവശ്യപ്പെട്ടു.
No comments