മലബാർ മാംഗോ ഫെസ്‌റ്റ് 30ന് തുടങ്ങും ഇനി രുചിയുടെ മാമ്പഴക്കാലം
പടന്നക്കാട് : രുചിയിലും നിറത്തിലും മണത്തിലും വേറിട്ട പലതരം മാമ്പഴങ്ങളുടെ രുചി നിറച്ച് ഇതാ 19-ാം തവണയും പടന്നക്കാട് കാർഷിക കോളേജിൽ മധുരം മലബാർ മാംഗോഫെസ്റ്റ്. 30 മുതൽ മെയ് മൂന്നുവരെയാണ് മാന്പഴങ്ങളുടെ ഉത്സവം. എന്നാൽ പടന്നക്കാട്ടെ മാമ്പഴത്തിന് തനതായ ഒരിനമുണ്ട്. ഫിറങ്കിലാഡുവ. ബ്രിട്ടീഷ് ഭരണകാലത്ത് ദക്ഷിണ കാനറ ജില്ലയിലെ മുൻ ഡെപ്യൂട്ടി വിദ്യാഭ്യാസ ഡയറക്ടർ ആർ എം സാവൂർ വളർത്തിയെടുത്ത മാവിനമാണിത്. അദ്ദേഹം പടന്നക്കാട്ടായിരുന്നു താമസിച്ചിരുന്നത്. കാമ്പസിലെ മാമ്പഴത്തോട്ടത്തിൽ ഫിറങ്കിലാഡുവ ഇനം ഏറെയുണ്ട്. ഫിറങ്കിലാഡുവ മുറിച്ച് കഴിക്കാവുന്ന ഇനമാണ്. ഇതിന് വെളുത്ത പച്ച നിറമുണ്ട്. പഴുത്ത മാമ്പഴത്തിന് 350 ഗ്രാം വരെ ഭാരം വരും. ഈ ഇനത്തിന് പഴത്തിനുള്ളിൽ നാരുകളില്ല. ഫിറാങ്കി ലാഡുവ അടക്കം 18 ഇനം മാങ്ങയിനങ്ങൾ കാർഷിക കോളേജ് വിദ്യാർഥി യൂണിയൻ നേതൃത്വത്തിൽ നടത്തുന്ന മാന്പഴോത്സവത്തിൽ ലഭിക്കും. ബംഗനപ്പള്ളി, തോത്താപ്പൂരി, നീലം, ചക്കരക്കുട്ടി സിന്ദൂരം, റുമാനി, മൽഗോവ,മല്ലിക, മൂവാണ്ടൻ, ഹിമാം പസന്ദ്, നടശാല, പ്രിയൂർ, കുറ്റ്യാട്ടൂർ, കാലപ്പാടി തുടങ്ങിയ മാമ്പഴയിനങ്ങളാണ് വിൽപ്പനയ്ക്കായി ഒരുക്കുന്നത്. മാമ്പഴങ്ങൾക്ക് പുറമേ വിവിധ കാർഷിക വിളകളുടെ തൈകളും മറ്റു നടീൽ വസ്തുക്കളുമുണ്ട്. റംബൂട്ടാൻ, മാങ്കോസ്റ്റീൻ, അഭിയു മുതലായവയുടെ വിവിധ തൈയിനങ്ങളും വിൽപനയ്ക്ക് ലഭിക്കും. കോളേജ് വിദ്യാർഥികൾ തയ്യാറാക്കുന്ന രുചികരമായ ഭക്ഷണപദാർഥങ്ങളുമുണ്ടാകും. കർഷകർക്ക് സംശയ ദൂരികരണത്തിന് വേണ്ടി ശാസ്ത്രജ്ഞരുടെ മേൽനോട്ടത്തിൽ അഗ്രോ ക്ലിനിക്കും നടക്കും. മേളയുടെ നാലു ദിവസങ്ങളിലും സെമിനാറുകളുമുണ്ട്. മാംഗോ ഫെസ്റ്റിന് മുന്നോടിയായി കാഞ്ഞങ്ങാട്, നീലേശ്വരം ചെറുവത്തൂർ ബസ് സ്റ്റാൻഡുകൾക്ക് സമീപം 22, 24, 26 തീയതികളിലായി മാമ്പഴ വിൽടപ്പനയുമൊരുക്കിയിട്ടുണ്ട്.
No comments