Breaking News

നീലേശ്വരത്ത് ആകാശപാത ആവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ 'പ്രതിഷേധ ജ്വാല'


നീലേശ്വരം: ദേശീയപാത 66-ൽ നീലേശ്വരത്ത് ആകാശപാത (Elevated Highway) നിർമ്മിക്കണമെന്ന ജനങ്ങളുടെ ജീവന്മരണ ആവശ്യത്തിന് നേരെ കണ്ണടച്ചു നിൽക്കുന്ന ദേശീയ പാത അതോറിറ്റിയുടെ മെല്ലെപ്പോക്കിനെതിരെ ശക്തമായ താക്കീതായി നീലേശ്വരത്ത് 'പ്രതിഷേധ ജ്വാല'. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് വേണ്ട ഗൗരവം നൽകാൻ അധികാരികളെ ഓർമ്മിപ്പിച്ചുകൊണ്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം പന്തംകൊളുത്തി പ്രകടനം നടത്തി.

നീലേശ്വരത്തിന്റെ ഭാവി വികസന സ്വപ്നങ്ങൾക്ക് പുതിയ വെളിച്ചം നൽകാനും, നഗരം രണ്ടായി വിഭജിക്കപ്പെടുന്നത് തടയാനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയിൽ വിവിധ ഇടങ്ങളിലായി നൂറോളം സമരഭടന്മാർ അണിനിരന്നു. നീലേശ്വരം കോൺവെൻ്റ് ജംഗ്ഷനിൽ നിന്നാരംഭിച്ച പന്തംകൊളുത്തി പ്രകടനം നഗരം ചുറ്റി സമരപ്പന്തലിൽ അവസാനിച്ചു. കൈകളിൽ പന്തമേന്തി, ആകാശപാതയ്ക്കായുള്ള മുദ്രാവാക്യങ്ങൾ മുഴക്കി നടന്ന പ്രകടനം നീലേശ്വരത്തെ ജനതയുടെ ഒറ്റക്കെട്ടായ പ്രതിഷേധത്തിന്റെ ചൂടും തീവ്രതയും വിളിച്ചോതുന്നതായിരുന്നു.

ദേശീയപാത വികസനം യാഥാർത്ഥ്യമാകുമ്പോൾ നീലേശ്വരം നഗരത്തിന്റെ വാണിജ്യ, സാമൂഹിക ബന്ധങ്ങൾ തടസ്സപ്പെടാതിരിക്കാനും ഗതാഗതക്കുരുക്കുകൾ ഇല്ലാതെ സുഗമമായ യാത്ര ഉറപ്പാക്കാനും ആകാശപാത അനിവാര്യമാണെന്ന് ജനകീയ സമര സമിതി ആവർത്തിച്ചു വ്യക്തമാക്കി. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളെ ഇനിയും അവഗണിക്കാനാണ് അധികാരികളുടെ തീരുമാനമെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സമര സമിതിയുടെ തീരുമാനം.ജനകീയ സമര സമിതി നേതാക്കളും നാട്ടുകാരും പ്രകടനത്തിന് നേതൃത്വം നൽകി.

No comments