കർഷകസ്വരാജ് സത്യാഗ്രഹ അവശ്യങ്ങൾ പ്രകടന പത്രികകളിൽ ഇടം പിടിച്ചു ? വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ സംവാദം നടന്നു
വെള്ളരിക്കുണ്ട് : വന്യജീവികൾക്കു മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യവുമായി ആറുമാസത്തിലധികമായി കാസർഗോഡ് ജില്ലയിലെ വെള്ളരി ക്കുണ്ടിലും അവസാനഘട്ടത്തിൽ ഒരു മാസത്തോളം ഈരാറ്റുപേട്ടയിലും നടന്ന കർഷകസ്വരാജ് സത്യാഗ്രഹം ഉന്നയിച്ച ആവശ്യങ്ങൾ കേരളത്തിലെ മൂന്നു രാഷ്ട്രീയ മുന്നണികളും പുറത്തിറക്കിയ പ്രകടനപത്രികകളിൽ ഏറിയും കുറഞ്ഞും ഇടം പിടിച്ചിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ നടന്ന സംവാദത്തിൽ യു.ഡി എഫിനെ പ്രതിനിധീകരിച്ച് രാജു കട്ടക്കയവും എൽ ഡി എഫിനെ പ്രതിനിധീകരിച്ച് ഷാജൻപൈങ്ങോട്ടും എൻ ഡി എ യുടെ പ്രതിനിധിയായി അശോകൻ ഒടയൻയാലും അവരവരുടെ മുന്നണി പ്രകടനപത്രികളിൽ വന്യജീവി ആക്രമണ പ്രശ്‌നത്തെ നേരിടാനുള്ള നിർദ്ദേശങ്ങൾ പങ്കുവയ്ക്കുകയും സദസ്സിൻ്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. കർഷകസ്വരാജ് സത്യാഗ്രഹസമിതി പ്രതിനിധി സണ്ണി പൈകട പ്രകടനപത്രികകളിലെ നിർദ്ദേശങ്ങളോടുള്ള സമിതിയുടെ പ്രതികരണങ്ങൾ വ്യക്തമാക്കി. വനത്തിനുള്ളിൽ വന്യജീവികൾക്ക് വെള്ളവും ഭക്ഷണവും ലഭ്യമല്ലാതായി കൊണ്ടിരിക്കുന്നതാണ് വന്യജീവികൾ വനത്തിന് പുറത്തിറങ്ങുന്നതിൻ്റെ കാരണം എന്ന് മൂന്ന് പ്രകടനപത്രികകളിലും പറയുന്നു. വന്യജീവികൾ പുറത്തുവരുന്നതിനെപ്രതിരോധിക്കാൻ വനാതിർത്തികള്ളിൽ വിവിധയിനം ഫെൻസിംഗുകൾ ട്രഞ്ചുകൾ തുടങ്ങിയവ ഒരുക്കുമെന്നും, ഏ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചും ഡ്രോണുകൾ പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചും കാട്ടുമൃഗങ്ങളുടെ കാടിറക്കം നിരീക്ഷിക്കുമെന്നും ജനങ്ങൾക്ക് മുന്നറിയിപ്പു നൽകാനുമുള്ള സംവിധാനങ്ങളേർപ്പെടുത്തുമെന്നും മൂന്നു മുന്നണികളും വാഗ്ദാനം ചെയ്യുന്നു. എന്നാൽ കർഷകസ്വരാജ് സത്യാഗ്രഹം ആവശ്യപ്പെട്ട മറ്റുപല കാര്യങ്ങളിൽ വ്യത്യസ്തമായ അളവിലുള്ള സ്വീകാര്യതയാണ് പ്രകടനപത്രികകളിലുള്ളത്. ഉദാഹരണത്തിന്,
1972-ലെ വന്യജീവിസംരക്ഷണനിയമത്തിൽ കാലാനുസൃതമായ ഭേദഗതി എന്ന ആവശ്യത്തോട് എൽ ഡി എഫ്- യു ഡി എഫ് മുന്നണികൾ അനുകൂലമായി പ്രതികരിച്ചപ്പോൾ കേന്ദ്രം ഭരിക്കുന്ന എൻ ഡി എ മുന്നണി ഇക്കാര്യത്തിൽ നിശബ്ദത പുലർത്തുന്നു.
നിയമ ഭേദഗതി കാര്യത്തിൽ കർഷക - ആദിവാസി സംഘടനകളുമായി ചർച്ച ചെയ്യണമെന്ന സമര ആവശ്യവും യു ഡി എഫ് അംഗീകരിച്ചിട്ടുണ്ട്.
വനത്തിനുള്ളിലെ ഏകവിള തോട്ടങ്ങൾ വന്യജീവികളുടെ ഭക്ഷ്യ- ജലലഭ്യതക്ക് പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് എൽഡിഎഫ് അംഗീകരിച്ചിട്ടുണ്ട്. യൂക്കാലിയും അധിനിവേശ സസ്യമായ സെന്നയും പിഴുതു മാറ്റുമെന്ന് യു ഡി എഫ് വ്യക്തതയോടെ പറഞ്ഞപ്പോൾ അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുമെന്ന് എൽ ഡി എഫ് പൊതുവിൽ പറയുകയാണ് ചെയ്തിട്ടുള്ളത്.
മൃഗ സെൻസസ് എന്നു പറഞ്ഞിട്ടില്ലെങ്കിലും മൃഗവാഹകശേഷിസംബന്ധിച്ച പഠനത്തെ കുറിച്ചും അതിലധികമുള്ള മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന് കള്ളിംഗ് നടത്തുന്നതു സംബന്ധിച്ച് സമൂഹത്തിൽ സമവായമുണ്ടാക്കാൻ ശ്രമിക്കുമെന്ന് എൽ ഡി എഫ് പ്രകടനപത്രികയിൽ പറഞ്ഞിട്ടുണ്ട്.
വനാതിർത്തിമേഖലകളിലെ കൃഷിയിടങ്ങളിലെ അടിക്കാടുകൾ തെളിക്കണമെന്ന ആവശ്യം യു ഡി എഫ്-എൽ ഡി എഫ് മുന്നണികൾ അംഗീകരിച്ചിട്ടുണ്ട്. യു.ഡി എഫ് ഒരുപടി കൂടി കടന്ന് വനാതിർത്തി മേഖലകളിലെ ഉപേക്ഷിക്കപ്പെട്ട തോട്ടങ്ങളിലെ അടിക്കാടുകൾ തെളിക്കാനുള്ള നടപടികളെടുക്കുമെന്നും വ്യക്തമാക്കുന്നു.
വനാതിർത്തിമേഖലകളിലെ റിസോർട്ടുകളിലെയും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെയും പ്രവർത്തനങ്ങൾ വന്യജീവികൾക്ക് അലോസരമുണ്ടാക്കാത്ത വിധത്തിൽ നിയന്ത്രിക്കണമെന്ന സത്യാഗ്രഹസമിതിയുടെ ആവശ്യം യു ഡി എഫ് പൂർണ്ണമായി അംഗീകരിച്ചിട്ടുണ്ട്. ഇക്കോ ടൂറിസം പ്രവർത്തനങ്ങൾ വനത്തിൻ്റെ ഔട്ടർസോണിൽ മാത്രമെ അനുവദിക്കുകയുള്ളു എന്ന് എൽ ഡി എഫ് പ്രകടനപത്രിക പറയുന്നു.
വന്യജീവികളെ കൃഷിയിടങ്ങളിൽ നിന്നും ജനവാസ മേഖലകളിൽ നിന്നും തുരത്തിയോടിക്കാനുള്ള ദ്രുതകർമ്മസേന (RRT ) ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും വന്യജീവി ശല്യമുള്ള ഹോട്ട് സ്പോട്ടുകളിൽ RRT കളുടെ നിരന്തരസാന്നിദ്ധ്യം ഉറപ്പുവരുത്തണെന്നുമുള്ള ആവശ്യവും യു.ഡി എഫ് പ്രകടനപത്രികയി ലംഗീകരിച്ചിട്ടുണ്ട്.
കാട്ടുപന്നി വേട്ടക്ക് തോക്കു ലൈസൻസുള്ളവരുടെ പ്രാദേശിക ടീമുകളുണ്ടാക്കുക എന്ന സമര സമിതിയുടെ ആവശ്യവും ,
മനുഷ്യരെ ഉപദ്രവിക്കാത്ത കാട്ടുമൃഗങ്ങളായ കുരങ്ങ് മയിൽ തുടങ്ങിയവയെ തുരത്തിയോടിക്കാൻ പ്രാദേശികമായി ടീമുകൾക്ക് രൂപം കൊടുക്കണമെന്ന ആവശ്യവും യു ഡി എഫ് പ്രകടനപത്രികയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വന്യമൃഗ ശല്യമുള്ള ഹോട്ട് സ്പോട്ടുകളിലെ ജനങ്ങൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകുക എന്ന ആവശ്യവും യു.ഡി.എഫ് പ്രകടനപത്രിക അംഗീകരിച്ചിട്ടുണ്ട്.
വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലും ജനവാസമേഖലകളിലുമിറങ്ങുന്നതിൻ്റെ ഉത്തരവാദിത്വം വനം വകുപ്പിനായിരിക്കുമെന്ന കർശനവ്യവസ്ഥയെക്കുറിച്ച് യു.ഡി എഫ് പ്രകടനപത്രികയിൽ സൂചിപ്പിച്ചിട്ടുളളത് വനം വകുപ്പിനെ കൂടുതൽ ജാഗ്രതയുള്ളതാക്കും. വന്യജീവിപ്രതിരോധത്തിനുള്ള പലപദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുമെന്ന എൽ ഡി എഫ് വാഗ്ദാനം പദ്ധതികൾക്ക് പ്രാദേശിക പിന്തുണ ലഭിക്കാൻ സഹായകരമാണെങ്കിലും വനം വകുപ്പിൻ്റെ ഉത്തരവാദിത്വ രാഹിത്യങ്ങൾ മറച്ചുവയ്ക്കാൻ അത് ഇടയാക്കും. സ്വകാര്യഭൂമിയിൽ കടന്നുകയറുന്ന വന്യമൃഗങ്ങളെ നേരിടാൻ ഭൂഉടമകൾക്ക് അധികാരം നൽകുന്നതിന് നടപടികളെടു ക്കുമെന്ന യു.ഡി എഫ് പ്രകടനപത്രികയിലെ വാഗ്ദാനം ഏറെ പ്രധാനപ്പെട്ടതാണെങ്കിലും നിലവിലുള്ള നിയമ വ്യവസ്ഥകളുടെ പശ്ചാത്തലത്തിൽ ചില അവ്യക്തതകളുണ്ട്.അതുപോലെ തന്നെ,വന്യജീവി ആക്രമണത്തിൽ പരിക്കുപറ്റുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നവർക്ക് നൽകുന്നനഷ്ടപരിഹാരം വർദ്ധിപ്പിക്കുമെന്നും അതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിൽ നിന്നും അധിക തുക കണ്ടെത്തുമെന്നുമുള്ള എൽ ഡി എഫ് പ്രകടനപത്രികയിലെ വാഗ്ദാനം ഒരു പക്ഷെ പെട്ടെന്ന് നഷ്ടപരിഹാരം ലഭിക്കാൻ സഹായിച്ചേക്കാമെങ്കിലും, അർഹതയനുസരിച്ച് നീതിപൂർവ്വം നഷ്ടപരിഹാരം ലഭിക്കാൻ സഹായകരമാവുന്നത് സത്യാഗ്രഹസമിതി ആവശ്യപ്പെട്ടിരുന്നതുപോലെ വാഹന അപകട നഷ്ടപരിഹാര ട്രിബ്യൂണൽ സംവിധാനത്തിലൂടെ നഷ്ടപരിഹാരം നൽകുന്നതുസംബന്ധിച്ച യു.ഡി എഫ് പ്രകടനപത്രികയിലെ വാഗ്ദാനമാണ്
സത്യാഗ്ര ഹസമിതി ഉന്നയിച്ച ഏറെ പ്രധാനപ്പെട്ട ചില ആവശ്യങ്ങൾഎല്ലാ മുന്നണികളും ഒരുപോലെ അവഗണിച്ചിട്ടുമുണ്ട്.
വനത്തിലെ പുൽമേടുകളുടെ പുനരുജ്ജീവനം,
നിലവിലുള്ള നിയമത്തിലെ വ്യവസ്ഥയനുസരിച്ച് വന്യമൃഗ സാന്ദ്രത കൂടിയ ഇടങ്ങളിൽ നിന്ന് മറ്റൊരിടത്തേക്ക് മൃഗങ്ങളെ പിടിച്ചു മാറ്റുക. അത്തരം സന്ദർഭങ്ങളിൽ പ്രയോജനപ്പെടുന്ന വിധത്തിൽ വന്യജീവികളുടെ പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുക,
വനാതിർത്തികളിൽ നിന്ന് പത്തു കിലോമീറ്ററുകൾക്കുള്ളിലുള്ള കരിങ്കൽ ക്വാറികൾ അടച്ചുപൂട്ടുക, എലഫെൻ്റ് സ്‌ക്വാഡുകളുടെ എണ്ണം കൂട്ടുക, കാട്ടുപന്നി പ്രതിരോധത്തിന് തോക്ക് ലൈസൻസുകൾ കൂറെക്കൂടി ഉദാരമായി നൽകുക,
കാർഷിക വിളകളുടെ നഷ്ടത്തിന് അവയുടെ ഉൽപ്പാദന ചിലവും കമ്പോളവിലയും പരിഗണിച്ചുള്ള നഷ്ടപരിഹാരം നൽകുക ,1972 ലെ വന്യജീവി സംരക്ഷണനിയമഭേദഗതിക്കായി സംസ്ഥാനത്ത് രാഷ്ട്രീയ സമവായമുണ്ടാക്കുകയും വന്യജീവി ശല്യം നേരിടുന്ന മറ്റുസംസ്ഥാനങ്ങളുടെ കൂട്ടായ സമ്മർദ്ദമുയർത്തി കൊണ്ടുവരികയും ചെയ്യുക തുടങ്ങിയ കാര്യങ്ങൾ എല്ലാ മുന്നണികളും ഒരുപോലെ അവഗണിച്ച സുപ്രധാന കാര്യങ്ങളാണ്. എങ്കിലും രാഷ്ട്രീയ കേരളത്തിൻ്റെ അജണ്ടയിൽ പ്രധാനപ്പെട്ട ഒരു പ്രശ്‌നമായി വന്യജീവി ആക്രമണത്തെ ഉൾക്കൊള്ളി ക്കുന്നതിൽ കർഷകസ്വരാജ് സത്യാഗ്രഹ സമിതിയുടെ ആദ്യഘട്ട പ്രചരണ സമര പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മുന്നണികളുടെ പ്രകടനപത്രികകൾ സാക്ഷ്യപ്പെടുത്തുന്നു.
ഓരോ മുന്നണികളുടെയും പ്രകടനപത്രികകളിൽ മലയോരകേരളത്തിലെ ഏറ്റവും തീവ്രമായ പ്രശ്‌നമെന്ന നിലയിൽ പെരുകുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരനിർദ്ദേശങ്ങൾ ഏതുനിലക്കാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് സ്വതന്ത്രമായി വിലയിരുത്തി രാഷ്ട്രീയ നിലപാടെടുക്കാൻ ശേഷിയുള്ളവരാണ് ജനങ്ങൾ എന്ന ഉറച്ച വിശ്വാസം കർഷകസ്വരാജ് സത്യാഗ്രഹസമിതിക്കുണ്ട്. തിരഞ്ഞെടുപ്പിൽ ഏതു സർക്കാർ അധികാരത്തിൽ വന്നാലും കർഷകസ്വരാജ് സത്യാഗ്രഹത്തിൻ്റെ അടുത്ത ഘട്ടം പ്രവർത്ത നങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ സംസ്ഥാനതലത്തിൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മെയ് 31നകം എല്ലാ ജില്ലകളിലും സത്യാഗ്രഹസമിതികളും ജൂൺ മാസത്തിൽ ഹോട്ട് സ്പോട്ടുകളിൽ പ്രാദേശിക സത്യാഗ്രഹസമിതികളും രൂപീകരിക്കും. ജൂലായ് മാസത്തിൽ കേരളത്തിൽ മേഖല ക്യാമ്പുകളും ആഗസ്റ്റിൽ സംസ്ഥാനതലത്തിൽ കർഷക മഹാസമ്മേളനവും സംഘടിപ്പിച്ചുകൊണ്ട് ശക്തമായി മുന്നോട്ടു നീങ്ങാനാണ് വാഗമണ്ണിൽ ചേർന്ന കർഷകസ്വരാജ് സത്യാഗ്രഹസമിതിയുടെ ദ്വിദിനസംസ്ഥാന പ്രവർത്തക സമിതി യോഗം തീരുമാനിച്ചതെന്നും സണ്ണി പൈകട വ്യക്തമാക്കി.
പരിപാടിയിൽ വ്യക്തമാക്കപ്പെട്ടു.
അലോഷ്യസ് ജോർജ്ജ് മോഡറേറ്ററായിരുന്നു. പുഴക്കര കുഞ്ഞിക്കണ്ണൻ നായർസ്വാഗതവും ബേബി ചെമ്പരത്തി കൃതജ്ഞതയും പറഞ്ഞു.
No comments