Breaking News

സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ കാസർകോടിന് ജയം.. യൂത്ത് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് അലാമിപ്പള്ളി ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങി


കാഞ്ഞങ്ങാട് : കേരള ബാസ്കറ്റ് ബോൾ അസോസിയേഷൻ നടത്തുന്ന സംസ്ഥാന യൂത്ത് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് അലാമിപ്പള്ളി ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങി. ഉദ്ഘാടനമത്സരത്തിൽ കാസർകോട് ജില്ലയുടെ ആൺകുട്ടികളുടെ ടീം ഒൻപതിനെതിരെ 61 പോയിൻറ് നേടി വയനാടിനെ തോൽപ്പിച്ചു. ആദ്യദിനത്തിലെ മറ്റ് ലീഗ് മത്സരങ്ങളിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ നിലവിലെ ചാമ്പ്യന്മാരായ തൃശ്ശൂർ മലപ്പുറത്തെയും (66-18) കോട്ടയം ആലപ്പുഴയെയും (63-36) പത്തനംതിട്ട പാലക്കാടിനെയും (50-36) പെൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം തൃശ്ശൂരിനെയും (61-48) കോട്ടയം പത്തനംതിട്ടയെയും (51-10) കണ്ണൂർ കാസർകോടിനെയും (50-17) കോട്ടയം പത്തനംതിട്ടയെയും (51-10) തോൽപ്പിച്ചു. 

 കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി രക്ഷാധികാരി ഫാ. ജോർജ് പുഞ്ചയിൽ അധ്യക്ഷനായി. ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാൻ പി.ജെ.സണ്ണിയെ ചടങ്ങിൽ ആദരിച്ചു. മുഹമ്മദ് മുറിയനാവി, എൻ.ഉണ്ണികൃഷ്ണൻ, കരുണാകരൻ മുട്ടത്ത്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പ്രൊഫ. പി.രഘുനാഥ്, സ്പോർട്സ് കൗൺസിൽ സെക്രട്ടറി ടി.വി.മദനൻ, ജില്ലാ സ്പോർട്സ് ഓഫീസർ എം.എസ്.സുധീപ് ബോസ്, ജനറൽ കൺവീനർ പി.വി.ശ്രീനിവാസൻ, കേരള ബാസ്കറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി പി.സി.ആന്റണി, അനിൽ ബങ്കളം, കെ.സുനിൽ, അരവിന്ദൻ മാണിക്കോത്ത് എന്നിവർ സംസാരിച്ചു. ലോഗോ രൂപകല്പന ചെയ്ത കെ.ആൻജിമയെ ആദരിച്ചു. ഈ മാസം 10 വരെ നടക്കുന്ന മത്സരത്തിന് കാഞ്ഞങ്ങാട് ക്രൈസ്റ്റ് സ്കൂൾ ഗ്രൗണ്ടും വേദിയാണ്.

No comments