Breaking News

ചെമ്മട്ടംവയൽ - കാലിച്ചാനടുക്കം റോഡ് നവീകരണം ഇഴയുന്നത് ജനങ്ങളുടെ യാത്രാ ദുരിതം വർധിപ്പിക്കുന്നു


കാഞ്ഞങ്ങാട് : ചെമ്മട്ടംവയൽ -- കാലിച്ചാനടുക്കം റോഡ് നവീകരണം ഇഴയുന്നത് ജനങ്ങളുടെ യാത്രാ ദുരിതം വർധിപ്പിക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ചെമ്മട്ടം വയൽ കാലിച്ചാനടുക്കം 18 കിലോമീറ്റർ റോഡ് നിർമാണത്തിന് കിഫ്ബി പദ്ധതിയിൽപ്പെടുത്തി 27.80 കോടി രൂപയാണ് ചിലവഴിക്കുന്നത്. ബല്ലത്തെ കൾവർട്ടിന്റെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി ഗതാഗതം നിരോധിച്ചതോടെ മടിക്കൈ പൂത്തക്കാലിലേക്കും നീലേശ്വരം ഭാഗത്തേക്കും ഇതുവഴി സർവീസ് നടത്തിയ ബസുകൾ മാസങ്ങളായി കല്യാൺ റോഡ്, ഏച്ചിക്കാനം വഴിയാണ് ഓടുന്നത്. വയന്പ്, ആലയി, പുതുവൈ പ്രദേശങ്ങളിലെ ജനങ്ങൾ അമ്പലത്തുകരയിൽനിന്ന് ഓട്ടോകളിലും മറ്റു വാഹനങ്ങളിലുമാണ് വീടുകളിലെത്തുന്നത്. ഏപ്രിൽ 19 ന് കൾവർട്ട് പണി പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നുനൽകുമെന്ന ഉറപ്പാണ് നടക്കാതെപോയത്. വേനൽമഴയിൽ ഇവിടെ ചെളിക്കുളമായി കാൽനട യാത്രക്കുപോലും ബുദ്ധിമുട്ടാണ്. കാലവർഷമെത്തിയാൽ നടക്കാൻപോലുമാകില്ല. ബല്ല ഈസ്റ്റ് ഹയർ സെക്കൻഡറിയിലേക്കും മടിക്കൈ ഗവ.ഹയർ സെക്കൻഡറിയിലേക്കും പോകേണ്ട വിദ്യാർഥികൾ എങ്ങിനെ യാത്രചെയ്യുമെന്ന ചോദ്യമാണ് ഉയരുന്നത്. 200 മീറ്റർ റോഡാണ് നവീകരിക്കേണ്ടത്. മഴക്കാലത്ത് പതിവായി വെള്ളത്തിൽ മുങ്ങുന്നതിനാലാണ് റോഡ് ഉയർത്താൻ കൾവർട്ട് നിർമാണം ആരംഭിച്ചത്. ഇതോടെ അമ്പലത്തുകര വരെയുള്ള മൂന്നുകിലോമീറ്റർ ചുറ്റളവിലെ യാത്രക്കാർക്ക് ബസ് സൗകര്യം ലഭിക്കാതെയായി. മാവുങ്കാലിലൂടെ കറങ്ങുന്നത് ഒഴിവാക്കാൻ ജില്ലാ ആശുപത്രിക്ക് മുന്നിൽനിന്ന് തന്നെ ഫ്ലൈ ഓവറിൽ കയറി കല്യാണം ഭാഗത്തേക്ക് പ്രവേശിക്കുന്ന രീതിയിലാണ് ക്രമീകരണം ഏർപ്പെടുത്തിയത്. ഇത് ചെമ്മട്ടംവയൽ ഭാഗത്തുനിന്ന് മടിക്കൈയിലേക്ക് പോകേണ്ടവർക്കും ദുരിതമായിട്ടുണ്ട്.

No comments