മനുഷ്യ ജീവന് ഭീഷണിയാകുന്ന തെരുവുനായകളെ കൊല്ലാമെന്ന് സുപ്രീംകോടതി; മൃഗസ്നേഹികളുടെ അപേക്ഷ തള്ളി
ദില്ലി: തെരുവുനായ കേസിൽ കർശന ഉത്തരവുമായി സുപ്രീംകോടതി. മനുഷ്യ ജീവന് ഭീഷണിയാകുന്ന അപകടകാരികളായ നായ്ക്കളെ കൊലപ്പെടുത്താൻ സുപ്രീംകോടതി അനുമതി നൽകി. നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി എടുക്കരുതെന്നും കോടതി നിർദേശിച്ചു. എബിസി ചട്ടങ്ങൾ അടക്കം നടപ്പാക്കുന്നത് നിിരീക്ഷിക്കാൻ എല്ലാ ഹൈക്കോടതികളിലും പ്രത്യേക ബഞ്ച് രൂപീകരിക്കാനും സുപ്രീം കോടതി ഉത്തരവ് നൽകി.
തെരുവുനായ പ്രശ്നത്തിൽ അതിനിർണായകമായ ഉത്തരവാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ ജെ അൻജാരിയാ എന്നിവരടങ്ങിയ ബഞ്ചിൻ്റെ നിർദ്ദേശങ്ങൾ ഇങ്ങനെ. മനുഷ്യജീവന് ഭീഷണിയാകുന്ന അപകടകാരികളായ നായ്ക്കളെ കൊലപ്പെടുത്താം. പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്ന അവകാശമാണ്. ഏതെങ്കിലും ഒരു ജീവിയെ പേടിച്ച് സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാകുന്നത് അംഗീകരിക്കാനാകില്ല. പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തെരുവുനായകൾക്കെതിരെ ശക്തമായ നടപടിയെടുക്കണം. തെരുവുനായകൾക്കെതിരെ നടപടി എടുക്കുന്ന മുനിസിപ്പൽ ജീവനക്കാർക്ക് നിയമപരമായ സംരക്ഷണം നൽകണം. ഇവർക്കെതിരെ കേസുകൾ അടക്കം പാടില്ല. തടസ്സം നിൽക്കുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.
സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ തുടങ്ങിയ പൊതു ഇടങ്ങളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറിലേക്ക് മാറ്റണം. എവിടെ നിന്നാണോ തെരുവുനായകളെ പിടികൂടുന്നത് അവിടെ തുറന്നുവിടരുത് എന്ന മുൻ ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസ്സമ്മതിച്ചു. എബിസി ചട്ടങ്ങൾ പൂർണ്ണമായും നടപ്പാക്കിയെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടാവില്ലായിരുന്നു. ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ച സർക്കാർ സംവിധാനങ്ങൾക്ക് ഉണ്ടായെന്ന് കോടതി നിരീക്ഷിച്ചു.
No comments