ഇരിയയിൽ തെരുവുനായ ശല്യം രൂക്ഷം; പരാതിയുമായി വർണ്ണം ആർട്സ് & സ്പോർട്സ് ക്ലബ്ബ്
ഇരിയ: കോടോം - ബേളൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം അതിരൂക്ഷമാകുന്നു. ഇരിയ വർണ്ണ ക്ലബ്ബ് പരിസരം, പാറപ്പത്തടി തുടങ്ങിയ ഇടങ്ങളിൽ നായകൾ കാൽനടയാത്രക്കാരെയും ഇരുചക്ര വാഹന യാത്രക്കാരെയും ആക്രമിക്കുന്നത് പതിവാകുകയാണ്. സ്കൂളിൽ പോകുന്ന കുട്ടികൾ, സ്ത്രീകൾ, വയോജനങ്ങൾ എന്നിവർ നായകളെ ഭയന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്.
ഏകദേശം ആറ് മാസം മുമ്പ് ഒരു സ്കൂൾ വിദ്യാർത്ഥിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. നിലവിൽ സ്കൂൾ പരിസരങ്ങളും പ്രധാന റോഡുകളും നായകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്.
പ്രശ്നത്തിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വർണ്ണം ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾക്ക് ഇന്ന് (മെയ് 21) പരാതി നൽകും. മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യവകുപ്പ്, അമ്പലത്തറ പോലീസ് സ്റ്റേഷൻ, വാർഡ് മെമ്പർ, പഞ്ചായത്ത് അധികൃതർ എന്നിവർക്ക് നേരിട്ടെത്തി പരാതി നൽകാനാണ് നാട്ടുകാരുടെ തീരുമാനം.
പ്രധാന ആവശ്യങ്ങൾ:
* ആക്രമണ സ്വഭാവമുള്ള തെരുവുനായകളെ അടിയന്തരമായി പിടികൂടുക.
* പ്രദേശത്ത് എ.ബി.സി (വന്ധ്യംകരണം), വാക്സിനേഷൻ നടപടികൾ ശക്തമാക്കുക.
* സ്കൂൾ പരിസരങ്ങളിലും പൊതുവഴികളിലും പ്രത്യേക സുരക്ഷ ഉറപ്പാക്കുക.
* പൊതുജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനാവശ്യമായ ശാശ്വത പരിഹാരം കാണുക.
No comments