Breaking News

സത്യസന്ധതയ്ക്ക് വിലയിടാൻ കഴിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് പെരിയബസാറിലെ കുലവൻ ലോട്ടറി സ്റ്റാൾ ഉടമ പാറപ്പള്ളി കുന്പളയിലെ പി സജിത്


കാഞ്ഞങ്ങാട് : സത്യസന്ധതയ്ക്ക് വിലയിടാൻ കഴിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് പെരിയബസാറിലെ കുലവൻ ലോട്ടറി സ്റ്റാൾ ഉടമ പാറപ്പള്ളി കുന്പളയിലെ പി സജിത്. ഫോണിൽ വിളിച്ചുപറഞ്ഞതിനെ തുടർന്ന് സജിത് സൂക്ഷിച്ച ബുധനാഴ്ചത്തെ കേരള ഭാഗ്യക്കുറി ധനലക്ഷ്മി ടിക്കറ്റിനാണ് 30 ലക്ഷം രൂപ സമ്മാനമടിച്ചത്. പുല്ലൂർ തടത്തിലെ ബിജു വിളിച്ചുപറഞ്ഞതിനെ തുടർന്നാണ് സജിത് ഡി കെ 765564 നന്പർടിക്കറ്റ് സൂക്ഷിച്ചുവച്ചത്. ഈ ടിക്കറ്റിനാണ് രണ്ടാംസമ്മാനമായ 30 ലക്ഷം രൂപ സമ്മാനമടിച്ചത്. തനിക്കുവേണ്ടി നീക്കിവച്ച ലോട്ടറി ടിക്കറ്റിന്റെ നന്പർ ഏതാണെന്ന് ബിജു അറിഞ്ഞിരുന്നില്ല. മാറ്റിവെച്ച ടിക്കറ്റിന് 30 ലക്ഷം അടിച്ചപ്പോൾ ഇക്കാര്യം മറച്ചുവെക്കാതെ ബിജുവിനെ അറിയിച്ച് സജിത് സത്യസന്ധത കാണിക്കുകയായിരുന്നു. ബിജുവിന്റെ മകൾ എട്ടാംതരം വിദ്യാർഥിനിയായ അൻവിത അർബുദത്തെ തുടർന്ന് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലാണ്. നാട്ടുകാർ സഹായസമിതി രൂപീകരിച്ച് നല്ലൊരു തുക ബിജുവിന്റെ കുടുംബത്തിന്. കൈമാറിയിരുന്നു.മാസങ്ങളായി ചികിത്സതുടരുന്നതിനാൽ പണം ഇനിയും ആവശ്യമുണ്ട്. ഈ സാഹചര്യത്തിൽ 30 ലക്ഷത്തിന്റെ ലോട്ടറി അടിച്ചത് ബിജുവിനും കുടുംബത്തിനും ആശ്വാസമായി. കുട്ടിയുടെ ചികിത്സാർഥം ബിജു തിരുവനന്തപുരത്തായതിനാൽ നാട്ടിലെത്താൻ കഴിഞ്ഞിട്ടില്ല. നാട്ടിലെത്തിയാലുടൻ ടിക്കറ്റ് കൈമാറും. സജിത്ത് കടന്നൽക്കൂട്ടത്തിന്റെ കുത്തേറ്റ് കുറേ നാൾ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇതേതുടർന്ന് വലിയ സാന്പത്തിക ബാധ്യത നേരിടേണ്ടിവന്നു. ഭൂതപ്പാനിയുടെ ആക്രമണം മൂലമുള്ള ശാരീരിക അവശതകൾ സജിത്തിനെ വിട്ടുമാറിയിട്ടില്ല. പണത്തിന് അത്യാവശ്യമുണ്ടായിട്ടുപോലും 30 ലക്ഷം അടിച്ച ടിക്കറ്റ് അതിന്റെ അവകാശിക്ക് നൽകാൻ സജിത്ത് തീരുമാനിക്കുകയായിരുന്നു.

No comments