Breaking News

പോത്തിൽ ആദായ‘മുറ’പ്പാക്കി ശൈലേഷ് പെരിയാട്ടടുക്കം മുനിക്കലിലെ ‘ബെല്ലാരി രാജ'!


ഉദുമ : ബിരുദ പഠനത്തിന്ശേഷം സിഎ (ചാർട്ടേഡ് അക്കൗണ്ടൻസി കരിയർ സ്വപ്നം കണ്ടിരുന്ന യുവാവ് അക്കൗണ്ട് ബുക്കുകൾക്കുപകരം ഫാമിലെ കണക്കുപുസ്തകങ്ങൾ തിരഞ്ഞെടുത്തപ്പോൾ പിറന്നത് യുവതലമുറക്ക് മാതൃകയാക്കാവുന്ന വേറിട്ടൊരു വിജയകഥ. പെരിയാട്ടടുക്കം മുനിക്കലിലെ ശൈലേഷ് കൃഷ്ണൻ എന്ന മുപ്പതുകാരൻ ഇന്ന് സംസ്ഥാനത്ത് അറിയപ്പെടുന്ന ലൈവ് സ്റ്റോക്ക് സംരംഭകനാണ്. ഹരിയാനയിലെ കരുത്തരായ 'മുറ' ഇനം പോത്തുകളെ കാസർകോട്ടെ മണ്ണിലെത്തിച്ച് ശൈലേഷ് വിപ്ലവം സൃഷ്ടിക്കുകയാണ്. വഴിത്തിരിവായ സൗഹൃദംസിഎ പഠനത്തിനായി കൊച്ചിയിലായിരിക്കുമ്പോഴാണ് ബാലരാമപുരത്ത് ആട് ഫാം നടത്തുന്ന ഇഹലാമുദ്ദീനെ പരിചയപ്പെടുന്നത്. ആ പരിചയവും സൗഹൃദവും ശൈലേഷിന്റെ ചിന്താഗതിയെ മാറ്റിമറിച്ചു.

വൈകാതെ പഠനം ഉപേക്ഷിച്ച് മുംബൈയിലേക്ക് മൂന്നു വർഷത്തോളം അവിടെ തങ്ങി. പിന്നെ രാജസ്ഥാനിലേക്ക്. അവിടെനിന്ന് പഞ്ചാബ് ബീറ്റൻ, ജമ്നാപ്യാരി തുടങ്ങിയ സങ്കരയിനം ആടുകളെ നാട്ടിലെത്തിച്ച് 'ഏദൻ' ആട് ഫാം' ആരംഭിച്ചു. 2020-ലെ കോവിഡ് കാലത്ത് ആടുവിൽപന തഴച്ചുവളർന്നതോടെ സംരംഭം വിപുലീകരിക്കാനുള്ള ആത്മവിശ്വാസമായി. രാജസ്ഥാനിലെ സൗഹൃദങ്ങൾ വഴിയാണ് ഹരിയാനയിലെ പ്രശസ്തമായ 'മുറ' ഇനം പോത്തുകളെക്കുറിച്ച് ശൈലേഷ് അറിയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ഭാരംവെക്കുന്നശാന്തസ്വഭാവക്കാരായ ഇവയ്ക്ക് കേരളത്തിൽ വലിയ വിപണിയുണ്ടെന്ന് ശൈലേഷ് തിരിച്ചറിഞ്ഞു. ഇതോടെ

ആടുവളർത്തൽ നിർത്തി പൂർണമായും പോത്തുഫാമിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. 2022-ൽ ദേവൻ പൊടിച്ചപാറയിലെ രണ്ടരയേക്കറിൽ 50 കിടാരികളുമായി തുടങ്ങിയ ഫാം ഇന്ന് ബേക്കൽ ലൈവ് സ്റ്റോക്ക് മാർക്കറ്റ്' എന്ന പേരിൽ പ്രശസ്തമാണ്. ഇപ്പോൾ മാസത്തിൽ ശരാശരി 100 പോത്ത് കിടാരികൾ ഹരിയാനയിൽനിന്ന് ഇവിടെ എത്തുന്നു. മോഹവില ഈടാക്കാതെ, സുതാര്യമായ രീതിയിലാണ് കച്ചവടം. കിലോവിന് അന്നത്തെ വിലനിലവാര മനുസരിച്ച് തൂക്കം കണക്കാക്കിയാണ് വിൽപന. 150 മുതൽ 200 കിലോ വരെ തൂക്കമുള്ള ഒരുവയസായ കിടാരികളെയാണ് എത്തിക്കുന്നത്. നല്ല രീതിയിൽ പരിപാലിച്ചാൽ ഒരുവർഷത്തിനുള്ളിൽ ഇവ 400 കിലോക്കുമുകളിൽ ഭാരംവെക്കും. രാജസ്ഥാനിലെ പുഷ്കറിലും ശൈലേഷിന് സ്വന്തമായി ഫാമുണ്ട്. മുനിക്കലിലെ കെ വി കൃഷ്ണന്റെയും സരളകുമാരിയുടെയും മകനാണ്.

No comments