Breaking News

ഒരു നാടിന്റെ യാത്രാദുരിതത്തിനു പരിഹാരമായി നാട്ടുകാർ ചേർന്നു വാങ്ങിയ കാലിച്ചാനടുക്കം ജനകീയ ബസ് ഒടുവിൽ കളം വിടുന്നു......


കാലിച്ചാനടുക്കം : ഒരു നാടിന്റെ യാത്രാദുരിതത്തിനു പരിഹാരമായി നാട്ടുകാർ ചേർന്നു വാങ്ങിയ ജനകീയ ബസ് 22 വർഷത്തിന് ശേഷം ഒടുവിൽ കളം വിടുന്നു. കാലിച്ചനടുക്കം ജനകീയ വികസന സമിതിയുടെ ജനകീയ ബസ് ആണ് ലേലം ചെയ്തു നൽകാൻ നാട്ടുകാർ തീരുമാനിച്ചത്. പ്രദേശത്തേക്ക് കെഎസ്ആർടിസി അടക്കം കൂടുതൽ ബസ് സർവീസ് വന്നതും ഇന്ധന സ്പെയർപാട്സുകളുടെ വിലവർധനയും യാത്രക്കാരുടെ കുറവുമാണ് ബസ് സർവീസ് നിർത്താനുള്ള കാരണം. 10ന് വൈകിട്ട് 4ന് ബസ് ലേലം ചെയ്തു നൽകാനാണ് തീരുമാനം. ഇതോടെ നാടിന്റെ സ്വന്തം ബസ് നാടിനോടും നാട്ടുകാരോടും വിട പറയും.

നീലേശ്വരം-ചായ്യോത്ത് കാലിച്ചാനടുക്കം എണ്ണപ്പാറ-തായന്നൂർ പ്രദേശത്തെ യാത്രാദുരിതത്തിന് പരിഹാരമായാണ് നാട്ടുകാർ ചേർന്നു ജനകീയ ബസ് വാങ്ങാമെന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. കാലിച്ചാനടുക്കം സ്കൂൾ, കോളജ്, ചായ്യോത്ത് സ്കൂൾ, രാജപുരം കോളജ് എന്നിവിടങ്ങളിലേക്ക് അന്ന് വിദ്യാർഥികൾ ഏറെ പ്രയാസപ്പെട്ടാണ് യാത്ര ചെയ്തിരുന്നത്. 1000 രൂപയുടെ ഷെയറാണ് ഒരാൾക്ക് വേണ്ടി തീരുമാനിച്ചത്. 10 ഷെയർ വരെ വാങ്ങാം. 185 പേരാണ് ഷെയർ ഹോൾഡേഴ്സ് ആയി ഉണ്ടായിരുന്നത്. 2003ലാണ് ബസ് സർവീസ് ആരംഭിച്ചത്.

അതുവരെ കാലിച്ചാനടുക്കത്തുനിന്ന് ജീപ്പ് സർവീസ് ആയിരുന്നു നാട്ടുകാരുടെ ഏക ആശ്രയം. അന്ന് സംസ്ഥാനത്തെ തന്നെ അപൂർവമായ തീരുമാനമായിരുന്നു അത്. ഷെയർ പിരിവ് തുടങ്ങിയെങ്കിൽ ആദ്യം പ്രതീക്ഷിച്ച വിജയം നേടിയില്ല. പിന്നീട് കുറച്ചാളുകൾ ചേർന്നു കൂടുതൽ തുക എടുത്തു. 8.60 ലക്ഷത്തിന് ആദ്യ ബസ് വാങ്ങി റോഡിലിറക്കി. 5 ലക്ഷം വായ്പയും 3.60 ലക്ഷം ഷെയറായും പിരിച്ചു. ആദ്യം 28 സീറ്റിന്റെ ചെറിയ ബസാണ് എടുത്തത്.

2011ൽ പുതിയ വലിയ ബസ് വാങ്ങി. യാത്രക്കാരുടെ എണ്ണം

കൂടിയതോടെയാണ് പുതിയ ബസ് വാങ്ങിയത്. 20 ലക്ഷമായിരുന്നു അന്ന് മുതൽ മുടക്ക്. പഴയ ബസ് വിറ്റെങ്കിലും ചെറിയ തുക മാത്രമാണ് ലഭിച്ചത്. പുതിയ ബസ് വാങ്ങാൻ 203 ഷെയർ ഹോൾഡേഴ്സ് ഉണ്ടായിരുന്നു. ഇതിൽ 8 ലക്ഷം ഷെയറായി പിരിച്ചു. ബാക്കി വായ്പയെടുത്തു. മൂന്നര വർഷം കൊണ്ട് വായ്പ പൂർണമായി അടച്ചുതീർക്കുകയും ചെയ്തു. ഈ ബസാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.


No comments