റോഡിന് വീതികൂടി; പാലത്തിന് എന്ന് വീതി കൂടും
രാജപുരം : നാടിന്റെ വികസനത്തിനൊപ്പം മലയോരത്തിനും മാറ്റമുണ്ടായി. പ്രധാന റോഡുകളെല്ലാം വീതികൂട്ടി മെക്കാഡം ടാറിട്ട് ഗതാഗതയോഗ്യവുമാക്കി. അക്കൂട്ടത്തിൽ മൂന്ന് ഘട്ടങ്ങളിലായി വീതികൂട്ടി മെക്കാഡം ചെയ്തതാണ് മലയോര ഹൈവേയ്ക്ക് സമാന്തരമായുള്ള മാലക്കല്ല്-പൂക്കയം-ആനക്കല്ല് റോഡ്. കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിൽ മാലക്കല്ലിൽനിന്ന് പൊയ്നാച്ചി-ബന്തടുക്ക റോഡിലെ ആനക്കല്ല് വരെ നീളുന്ന റോഡിന് 10.5 കിലോമീറ്ററാണ് ദൂരം. 5.50 മീറ്റർ വീതിയിൽ റോഡ് നവീകരിച്ചെങ്കിലും കാൽനൂറ്റാണ്ട് മുൻപ് നിർമിച്ച പൂക്കയത്തെ തടയണയോടുകൂടിയ പാലം വീതികൂട്ടി നവീകരിക്കാൻ നടപടിയേതുമില്ല.
പാലത്തിന്റെ ഇരുഭാഗത്തുനിന്നും വാഹനങ്ങൾ ഒന്നിച്ചെത്തിയാൽ ഒന്ന് കടന്നുപോയശേഷം മാത്രമാണ് അടുത്തതിന് കടന്നുപോകാൻ കഴിയുക. 1998-ൽ ചെറുകിട ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ടി.എം. ജേക്കബിന്റെ നിർദേശത്തെ തുടർന്നാണ് ജലസേചനത്തിനും ചെറുവാഹനങ്ങൾക്ക് കടന്നുപോകാനുമായി തടയണയോടുകൂടിയ പാലത്തിന് വഴിതെളിഞ്ഞത്. 2000-ൽ പ്രവൃത്തി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുത്തു. 4.30 മീറ്ററായിരുന്നു പാലത്തിന്റെ വീതി. പഴകിയ തൂക്കുപാലത്തിലൂടെയുള്ള ജനങ്ങളുടെ യാത്രയ്ക്ക് അതോടെയാണ് അറുതിയായത്. വർഷങ്ങൾക്കുശേഷം മികച്ച റോഡായതോടെ ബസ് സർവീസുകൾ കടന്നുപോകുന്ന പാലമായി അത് മാറി. എന്നാൽ വീതി കുറവായതിനാൽ പലപ്പോഴും വലിയ ഭാരവാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. പൂക്കയം ഭാഗത്തുനിന്ന് പോകുന്ന വാഹനങ്ങൾക്കാണ് വീതിക്കുറവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
No comments