ബേക്കൽ പൂച്ചക്കാട് കിഴക്കേകര സ്വദേശിനി പാലായില്‍ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു
ബേക്കൽ : നീറ്റ് പുനഃപരീക്ഷക്കുള്ള പരിശീലനത്തിന് ഇടയിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കര, മുക്കൂടിലെ മഹേഷിന്റെ മകൾ ഐജ.ആർ മഹേഷ് (19) ആണ് മരിച്ചത്. മത്സര പരീക്ഷക്കുള്ള പരിശീലനത്തിനായി പാലായിലെ ഒരു കോച്ചിംഗ് സ്ഥാപനത്തിലെത്തിയതായിരുന്നു ഐജ. ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. ഇതിനിടയിൽ ചൊവ്വാഴ്ചയാണ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഉടൻ തന്നെ താഴെയിറക്കി അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സക്കുശേഷം ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ ഇന്നലെ (ബുധൻ) ഉച്ചയോടെയാണ് മരണത്തിനു കീഴടങ്ങിയത്. സംഭവത്തിൽ കിടങ്ങൂർ പൊലീസ് കേസെടുത്തു. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് ഇന്ന് (വ്യാഴം) രാവിലെ മുക്കൂട്ടിലെ വീട്ടിലെത്തിച്ചു. കൈമാറിയ മൃതദേഹം ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നീറ്റ് പരീക്ഷാഫലം റദ്ദാക്കിയിരുന്നു. ജൂൺ 21ന് നടക്കുന്ന പുനഃപരീക്ഷക്കുള്ള പരിശീലനത്തിനാണ് ഐജ പരിശീലന കേന്ദ്രത്തിലെത്തിയത്. കടുത്ത മാനസിക സംഘർഷമാണ് ആത്മഹത്യക്ക് ഇടയാക്കിയതെന്നു സംശയിക്കുന്നു. രാധികയാണ് ഐജയുടെ മാതാവ്. ഏക സഹോദരൻ അർജുൻ മഹേഷ് ഗൾഫിലാണ്.
No comments