Breaking News

തൊഴിലുറപ്പ് സൈറ്റിൽ കുഴഞ്ഞുവീണ തൊഴിലാളിക്ക് രക്ഷകരായവർക്ക് സോഷ്യൽ ഓഡിറ്റ് ഗ്രാമസഭയിൽ ആദരം


പാണത്തൂർ : തൊഴിലുറപ്പ് സൈറ്റിൽ വച്ച് ഒരാളുടെ ജീവൻ അപകടത്തിലാണെ ന്നറിഞ്ഞ്, നോക്കിനിൽക്കാതെ സമയബന്ധിതമായി ഉണർന്നു പ്രവർത്തിച്ച് മാതൃകയായവർക്ക് സോഷ്യൽ ഓഡിറ്റ് ഗ്രാമസഭയിൽ ആദരവ് നൽകി. 9-ാം വാർഡ് ADS പ്രസിഡന്റ് കാവ്യ അനീഷ്, മാപ്പിളച്ചേരി സ്വദേശി ജയ ജി. എന്നിവരെയാണ് ചടങ്ങിൽ പ്രത്യേകം ആദരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച മാപ്പിളച്ചേരി ചൈത്രംകുണ്ട് തൊഴിലുറപ്പ് സൈറ്റിൽ വച്ച് കുഴഞ്ഞുവീണ തൊഴിലുറപ്പ് തൊഴിലാളി സി.എം. നാരായണേട്ടനെ ഇരുവരും ചേർന്ന് അടിയന്തിരമായി പാണത്തൂർ ആശുപത്രിയിലും, തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കാഞ്ഞങ്ങാട് സഞ്ജീവനി ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഇവരുടെ കൃത്യസമയത്തുള്ള ഇടപെടൽ മൂലമാണ് തൊഴിലാളിയുടെ ജീവൻ രക്ഷിക്കാനായത്.
ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ കെ.ജെ. ജെയിംസ് അധ്യക്ഷത വഹിച്ചു. ഇത്തരം സന്ദർഭങ്ങളിൽ ഭയന്നുമാറാതെ ഉണർന്നു പ്രവർത്തിച്ച കാവ്യയുടെയും ജയന്റെയും മനസ്സാന്നിധ്യത്തെയും ധീരതയെയും അദ്ദേഹം പ്രകീർത്തിച്ചു. അങ്ങനെയുള്ളവരെ സമൂഹം ചേർത്തുപിടിക്കണമെന്നും അവരെ ആദരിക്കേണ്ടത് നാടിന്റെ കടമയാണെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
ഗ്രാമസഭയിൽ വച്ച് AE ആതിര, സോഷ്യൽ ഓഡിറ്റർ അർച്ചന എന്നിവർ ചേർന്ന് ഇരുവരും സമൂഹത്തിന് ചെയ്ത വലിയ ഉപകാരത്തിനുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. 


No comments