കാട്ടാനകളെ കർണാടക ഉൾവനത്തിലേക്ക് തുരത്തി; കമ്മാടിയിൽ ‘സ്പെഷ്യൽ കാട്ടാന ഡ്രൈവ്’ വിജയകരം
പാണത്തൂർ : കാട്ടാന ശല്യം രൂക്ഷമായി നേരിടുന്ന മാമ്പളം, പെരുമുണ്ട, കമ്മാടി മേഖലകൾക്ക് താൽക്കാലിക ആശ്വാസം. കമ്മാടി ഭാഗത്ത് തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ പനത്തടി ആർ.എഫിന്റെ മറാട്ടി ചേരിയിൽ നിന്നും വനംവകുപ്പും ജനപ്രതിനിധികളും ചേർന്ന് കർണാടക ഉൾവനത്തിലേക്ക് വിജയകരമായി തുരത്തി.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, കാസർഗോഡ് ആർ.ആർ.ടി ടീം, സെക്ഷൻ സ്റ്റാഫ്, പി.ആർ.ടി അംഗങ്ങൾ എന്നിവർ സംയുക്തമായാണ് 'സ്പെഷ്യൽ കാട്ടാന ഡ്രൈവ്' നടത്തിയത്. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജു എം.പി, ആർ.ആർ.ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രവീൺകുമാർ പി, മറ്റ് സെക്ഷൻ സ്റ്റാഫുകൾ, ആർ.ആർ.ടി-പി.ആർ.ടി അംഗങ്ങൾ എന്നിവർ ഈ ദൗത്യത്തിന് നേതൃത്വം നൽകി.
പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമികൾ പലതും വെട്ടിത്തെളിക്കാതെ കാടുപിടിച്ചു കിടക്കുന്ന അവസ്ഥയിലാണ്. ഇത് വന്യമൃഗങ്ങൾക്ക് ജനവാസ മേഖലയോട് ചേർന്ന് സുരക്ഷിതമായി തമ്പടിക്കാൻ അനുകൂല സാഹചര്യം ഒരുക്കുന്നുണ്ടെന്ന് വനംവകുപ്പ് അധികൃതർ ചൂണ്ടിക്കാണിച്ചു. കാട്ടാന ശല്യം പൂർണ്ണമായി പ്രതിരോധിക്കാൻ സ്വകാര്യ ഭൂമികളിലെ കാടുകൾ വെട്ടിത്തെളിക്കാൻ ഉടമസ്ഥർ തയ്യാറാകണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
No comments