സജീവമായി പരമ്പരാഗത മീൻപിടിത്തം ചെറുവള്ളങ്ങൾ കുതിച്ചു കൊട്ടനിറയെ നങ്കും മത്തിയും
കാസർകോട്തെളിഞ്ഞ കാലാവസ്ഥ, വമ്പൻ ബോട്ടുകളുടെ ഇരമ്പലൊഴിഞ്ഞ ഹാർബറിലേക്ക് തെല്ലിടവിട്ട് ചെറുതോണികൾ ഗമയോടെ കുതിച്ചെത്തുന്നുണ്ട്. വലയിൽനിന്ന് മീൻ വേർതിരിച്ചെടുത്ത് വട്ടി നിറയ്ക്കലും കണക്കൊപ്പിച്ച് ട്രേകളിലാക്കി സ്കൂട്ടറുകളിലും ചെറിയ ലോറികളിലേക്കും മാറ്റലുമായി തീരത്ത് ആളനക്കവുമുണ്ട്. 'ഒട്ടും മഴയില്ലല്ലോ. അതെനിയെന്താകും എന്നറിയില്ല, എന്തായാലും ഈ കാലാവസ്ഥകിട്ടിയതുകൊണ്ട് പണിക്ക് പോകാൻ എളുപ്പമുണ്ട്. പത്ത്, ഇരുപത്, മുപ്പത്വരെ വട്ടി മീൻകിട്ടി. കൂടുതലും നങ്കും മത്തിയുമാണ്. ചിലപ്പൊ ചെമ്മീനും.'- കാസർകോട് കസബ ഹാർബറിന് സമീപം കടലിൽ നിന്നെത്തിയ ചെറുവള്ളങ്ങളിലെ വലയിൽനിന്ന് മീനുകൾ വേർതിരിച്ചെടുക്കുന്ന തിരക്കിൽ തൊഴിലാളിയായ ബാബൂട്ടി പറഞ്ഞു. വെള്ളി പുലർച്ചെ അഞ്ചിനുമുമ്പ് തീരത്തുനിന്ന് പുറപ്പെട്ടതായിരുന്നു ബാബൂട്ടിയും രവീന്ദ്രനും ഗോപാലനും ദാസനും ഉൾപ്പെടെയുള്ളവർ, പകൽ 11ന് മുമ്പ് വട്ടിനിറയ്ക്കാനുള്ള മീനുമായി തിരിച്ചെത്തി. പരമ്പരാഗത വള്ളങ്ങൾ സജീവംട്രോളിങ് നിരോധനത്തിലും പരമ്പരാഗത മീൻപിടിത്ത വള്ളങ്ങളാൽ സജീവമാണ് തീരം. എല്ലായിടത്തുനിന്നും ചെറുവള്ളങ്ങൾ കടലിലേക്ക് പോകുന്നുണ്ട്. ഏതാണ്ട് 20 നോട്ടിക്കൽ ദൂരംവരെ പോയാണ് മീൻപിടിക്കുന്നത്. വട്ടിക്ക്- 5000 രൂപ എന്ന നിലയിലാണ് നങ്കിനും മത്തിക്കും ഇവിടെ വില. 20 കിലോ മത്സ്യമാണ് ഒരു വട്ടിയിൽ. വറുതിക്കാലത്തെ മറികടക്കാൻ അവർ ഒഴുക്കുവലയും കോരുവലകളും വീണ്ടും ഒരുക്കുകയാണ്.ജില്ലയിൽ ആകെ 3 ഫിഷിങ് ഹാർബറുകളാണുള്ളത്. ചെറുവത്തൂർ (മടക്കര), മഞ്ചേശ്വരം ഹാർബറുകളാണ് നിലവിൽ കമീഷൻ ചെയ്ത് പൂർണതോതിൽ പ്രവർത്തിക്കുന്നത്. കാസർകോട് ഹാർബറിന്റെ പ്രവർത്തനങ്ങൾ പുരോഗതിയിലാണ്. പരമ്പരാഗത തൊഴിലാളികൾ കൂടുതൽ ഉപയോഗിക്കുന്ന ഔട്ട്ബോർഡ് വള്ളങ്ങളുടെ എണ്ണം 1305 ആണ്. 50 താങ്ങുവള്ളം ഉൾപ്പെടെ 129 യന്ത്രവൽകൃതയാനങ്ങളും രജിസ്റ്റർ ചെയ്തതായാണ് ഫിഷറീസ് കണക്ക്.
No comments