Breaking News

ജില്ലാ കളക്ടർ കാസർകോട് നഗരവനം സന്ദർശിച്ചു... സാമൂഹ്യ വനവൽക്കരണ വകുപ്പിൻ്റെ പള്ളം നഗരവനം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് വനവകുപ്പ് ഉദ്യോഗസ്ഥർ


കാസർകോട് നഗരത്തിൻ്റെ പ്രകൃതി സൗഹൃദ വിനോദ സഞ്ചാര വികസനത്തിന് മുതൽ കൂട്ടാകുന്ന സാമൂഹ്യ വനവൽക്കരണവകുപ്പിൻ്റെ പള്ളം നഗരവനം എത്രയും വേഗം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് വനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.. ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ നഗരവന സൗന്ദര്യവൽക്കരണ പദ്ധതി പ്രദേശം സന്ദർശിച്ച്  പുരോഗതി വിലയിരുത്തി. 

കാസർകോട് നഗരത്തിൽ പള്ളം  കസബ പാലത്തിനു സമീപം പടർന്നു കിടക്കുന്ന കണ്ടൽ  വനം ആണ് നഗര വനമായി വികസിപ്പിച്ചത്. 

'നഗരവനത്തിന്റെ' സൗന്ദര്യവൽക്കരണം എത്രയും പെട്ടെന്ന് നടത്തി  വിനോദസഞ്ചാര വിശ്രമ കേന്ദ്രമാക്കി മാറ്റാൻ സാധിക്കുമെന്ന് കാസർഗോഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സി വി വിനോദ് കുമാർ പറഞ്ഞു. 

നഗരവനത്തെകുറിച്ച് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ വിശദീകരിച്ചു. വനത്തിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാൻ സിസിടിവി ക്യാമറകൾ സ്ഥാപിച്ചും മാലിന്യ നിക്ഷേപം തടയാൻ കമ്പി വലകൾ സ്ഥാപിച്ചും വനം വകുപ്പ് ഈ വനത്തെ സംരക്ഷിക്കുന്നു.

നിലവിൽ ടിക്കറ്റ് കൗണ്ടർ, പാർക്കിംഗ്, ടോയ്ലറ്റ് സംവിധാനത്തോടുകൂടി നഗരവനം സജ്ജമാണ്.നടപ്പാത,  കഫറ്റീരിയ, വൈദ്യുതി വിളക്കുകൾ ഫ്ലോട്ടിങ് ബോട്ടുകൾ എന്നിവ  സ്ഥാപിച്ച് മനോഹരമാക്കും. കുട്ടവഞ്ചിയും ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ രണ്ടുമാസത്തിനുള്ളിൽ സ്വീകരിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.  

കുട്ടികൾക്കായി പാർക്കിനുള്ള സാമ്പത്തിക സഹായം കാസർകോട് മുനിസിപ്പാലിറ്റി അനുവദിച്ചിട്ടുണ്ട്.

കാസർകോട് നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം, വൈസ് ചെയർപേഴ്സൺ  കെ എം ഹനീഫ്,നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മെഹറുനിസ ഹമീദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെയർപേഴ്സൺ സമീന മുജീബ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജാഫർ കമാൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹമീദ് ബദ്ര, മുനിസിപ്പൽ സെക്രട്ടറി  കെ ഷാജു കടപ്പുറം സൗത്ത് വാർഡ് മെമ്പർ രഞ്ജിഷ, കാസർകോട് തഹസിൽദാർ ഷെറിൽ ബാബു, കാസർകോട് സ്പെഷ്യൽ വില്ലേജ് ഓഫീസർ ഉമ്മർ ഫാറൂഖ് ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ കെ അർജുനൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ എ അനൂപ്,നിവ്യ ശുചിത്വമിഷൻ കോഡിനേറ്റർ  പി ജയൻ എന്നിവർ ജില്ലാ കളക്ടറുടെ കൂടെയുണ്ടായിരുന്നു. 


No comments